മുല്ലപ്പെരിയാർ(mullaperiyar dam) വിഷയത്തിൽ പ്രതികരണവുമായി നടൻ ഉണ്ണിമുകുന്ദൻ. #DecommisionMullaperiyarDam, #SaveKerala എന്നീ ഹാഷ്ടാഗിൽ സോഷ്യൽ മീഡിയയിൽ കൂടിയായിരുന്നു ഉണ്ണി മുകുന്ദന്റെ(Unni Mukundan) അഭിപ്രായപ്രകടനം. നടൻ പൃഥ്വിരാജും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
മുഴുവൻ രാജ്യത്തോടും ഞങ്ങളുടെ ആശങ്ക പ്രകടിപ്പിക്കുമ്പോൾ ഒപ്പം ചേരുക. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ അധികാരികൾ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് വിശ്വസിക്കുന്നുവെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു.
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയർന്ന്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളിൽ വളരെ വലിയ ആശങ്കയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ഈ അവസരത്തിലാണ് ചലച്ചിത്ര താരങ്ങൾ ക്യാമ്പയിനുമായി രംഗത്ത് വന്നിരിക്കുന്നത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, സിദ്ദിഖ്, ആന്റണി വർഗീസ് തുടങ്ങി നിരവധി താരങ്ങൾ ഇതിനകം പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.
വസ്തുതകളും കണ്ടെത്തലുകളും എന്തുമായിക്കൊള്ളട്ടെ. 125 വർഷം പഴക്കമുള്ള ഒരു അണക്കെട്ട് പ്രവർത്തിക്കുന്നതിന് ഒഴിവുകഴിവുകൾ ഇല്ല എന്നും രാഷ്ട്രീയവും സാമ്പത്തികവുമായി വശങ്ങൾ മാറ്റിവെച്ച് ശരിയായത് ചെയ്യാനുള്ള സമയമാണിതെന്നും പൃഥ്വിരാജ് പറയുന്നു. നമുക്ക് സിസ്റ്റത്തിൽ മാത്രമേ വിശ്വസിക്കാൻ കഴിയൂ എന്നും, സിസ്റ്റം ശരിയായ തീരുമാനം എടുക്കുമെന്നും നമുക്ക് പ്രാർത്ഥിക്കാം എന്നാണ് താരം മുല്ലപ്പെരിയാർ വിഷയത്തിൽ ഇടപെട്ടുകൊണ്ട് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് നിലവിൽ ഉയർന്ന കൊണ്ടിരിക്കുകയാണ്. ഒടുവിൽ ലഭിച്ച വിവരം അനുസരിച്ച് ഡാമിൽ ജലനിരപ്പ് 136.80 അടി പിന്നിട്ടിട്ടുണ്ട്. കനത്ത മഴയും ശക്തമായ നീരൊഴുക്കുമാണ് ഡാമിലെ ജലനിരപ്പ് ഉയരാൻ കാരണം. ഇതോടെ തമിഴ്നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു. നേരത്തെ ജലനിരപ്പ് 133.45 അടി എത്തിയപ്പോള്‍ ഉദ്യോഗസ്ഥ തലത്തില്‍ ആശങ്ക അറിയിച്ചിരുന്നു. നിലവിലെ നീരൊഴുക്കും മഴ സാധ്യതയും കണക്കിലെടുക്കുമ്പോള്‍ ജലനിരപ്പ് 142 അടിയിലേക്ക് എത്താല്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.അതിനാല്‍ മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ വെള്ളം തമിഴ്നാട്ടിലെ വൈഗാ അണക്കെട്ടിലേക്ക് കൊണ്ടുപോകണമെന്നും അണക്കെട്ടിന്‍റെ ഷട്ടര്‍ തുറക്കുന്നതിന് 24 മണിക്കൂര്‍ മൂമ്പ് കേരളത്തെ അറിയിക്കണമെന്നും കത്തില്‍ കേരളം ആവശ്യപ്പെട്ടു.
142 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ അനുവദനീയമായ പരമാവധി സംഭരണശേഷി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിൽ നിന്ന് പരമാവധി വെള്ളം കൊണ്ടുപോകണമെന്നും സ്പിൽവേയിലൂടെ വെള്ളം തുറന്ന് വിടണമെന്നും കേരളം നേരത്തെ തമിഴ്നാടിനോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കാണിച്ച് കേന്ദ്രസർക്കാരിനും കത്തയച്ചിട്ടുണ്ട്. ഡാം തുറക്കേണ്ടി വന്നാൽ മാറ്റിപ്പാർപ്പിക്കേണ്ടവരുടെ പട്ടികയും ദുരിതാശ്വാസ ക്യാന്പുകളും കണ്ടെത്തി കേരളം സജ്ജമാണെന്നാണ് ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചത്.