EntertainmentKeralaNews

പീഡനശ്രമക്കേസ് റദ്ദാക്കണമെന്ന ഉണ്ണി മുകുന്ദന്റെ ഹർജി: അഡ്വ. സൈബി ജോസ് കോടതിയിൽ, ആരോപണം പച്ചക്കള്ളമെന്ന് വാദം

കൊച്ചി:പീഡനശ്രമക്കേസ് റദ്ദാക്കണമെന്ന നടൻ ഉണ്ണി മുകുന്ദന്റെ ഹർജി കോടതിയിൽ. പരാതിക്കാരിയുടെ ശബ്ദസന്ദേശം ഉണ്ടെന്ന് വാദം. പരാതിക്കാരി ഇ–മെയിൽ വഴി ഒത്തുതീർപ്പിന് തയാറായെന്ന് അറിയിച്ചെന്നും അഭിഭാഷകൻ സൈബി പറഞ്ഞു. വ്യാജസത്യവാങ്‌മൂലം അല്ല നൽകിയത് എന്നതിനു തെളിവുകളാണ് ഇതെല്ലാമെന്നും ഹൈക്കോടതിയിൽ സൈബി വാദിച്ചു.

ഉണ്ണി മുകുന്ദന് എതിരായ പീഡനക്കേസിൽ, സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ഉൾപ്പെടെ ആരോപിച്ചു യുവതി നൽകിയ കേസിൽ തുടർനടപടിക്കുളള സ്റ്റേ ഹൈക്കോടതി നീക്കിയിരുന്നു. ഹൈക്കോടതി ജഡ്ജിമാർക്കു കൈക്കൂലി നൽകണമെന്നു തെറ്റിദ്ധരിപ്പിച്ചു കക്ഷികളിൽനിന്നു പണം വാങ്ങിയെന്ന ആരോപണത്തിനു വിധേയനായ സൈബി ജോസ് കിടങ്ങൂരാണു നടനുവേണ്ടി ഹാജരായിരുന്നത്. കേസ് ഒത്തുതീർപ്പാക്കുന്നതിൽ എതിർപ്പില്ലെന്നു വ്യക്തമാക്കി, ഹർജിഭാഗം തന്റെ പേരിൽ ഹാജരാക്കിയ സത്യവാങ്മൂലം വ്യാജമാണെന്നു പരാതിക്കാരി ഹൈക്കോടതിയിൽ അറിയിച്ചതിനെ തുടർന്നാണു സ്റ്റേ നീക്കിയത്.

എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലെ കേസ് നടപടികളാണു ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നത്. 2017ൽ സിനിമാ ചർച്ചയ്ക്ക് ഉണ്ണി മുകുന്ദനെ കാണാനെത്തിയപ്പോൾ ലൈംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറിയെന്നാണു പരാതി. കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. വിചാരണ പുരോഗമിക്കുന്നതിനിടെയാണു കേസ് റദ്ദാക്കാൻ ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ സമീപിച്ചത്.

കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നു പരാതിക്കാരി അറിയിച്ചിട്ടുണ്ടെന്നു നടന്റെ അഭിഭാഷകൻ വിശദീകരിച്ചതിനെത്തുടർന്ന് ഹൈക്കോടതി 2021 മേയ് 7നു വിചാരണ നടപടികൾ 2 മാസത്തേക്കു സ്റ്റേ ചെയ്തു. പിന്നീട് 2022 ഓഗസ്റ്റ് 22നു കേസ് ഒത്തുതീർപ്പായെന്നു നടന്റെ അഭിഭാഷകൻ അറിയിച്ചു. തുടർനടപടിക്കു കേസ് ഓണം അവധിക്കുശേഷം പരിഗണിക്കുമെന്നു വ്യക്തമാക്കി അന്നു സ്റ്റേ നീട്ടുകയും ചെയ്തു. സ്റ്റേ പിന്നീടു പലതവണ നീട്ടി. തുടർന്ന് വീണ്ടും കേസ് വന്നപ്പോഴാണു താൻ ഒത്തുതീർപ്പു കരാറിൽ ഒപ്പിട്ടിട്ടില്ലെന്നും രേഖ വ്യാജമാണെന്നും പരാതിക്കാരി അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button