ചെന്നൈ: തമിഴ് സിനിമയിൽ നിന്നും രാഷ്ട്രീയത്തിലെത്തി അധികാരം പിടിച്ച സി. ജോസഫ് വിജയ്‌യുടെ മാതൃക പിന്തുടർന്ന് നടൻ സൂര്യയും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന സൂചനകളാണ് ചെന്നൈയിൽ നടന്ന ഫാൻസ് അസോസിയേഷൻ ഭാരവാഹികളുടെ യോഗം നൽകുന്നത്. കാലവും സമയവും ദൈവവും തീരുമാനിച്ചാൽ സൂര്യ ജനനേതാവായി മാറുന്നത് തടയാൻ ആർക്കും കഴിയില്ലെന്ന് യോഗത്തിൽ ഉയർന്നുവന്ന പ്രസംഗം അടിവരയിടുന്നു. തമിഴ് രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുന്ന പശ്ചാത്തലത്തിൽ സൂര്യയുടെ ഈ പുതിയ നീക്കം രാഷ്ട്രീയ നിരീക്ഷകരും ഏറെ ഉറ്റുനോക്കുന്നുണ്ട്.
ആരാധകരെയും ജില്ലാ ഭാരവാഹികളെയും അഭിസംബോധന ചെയ്തുകൊണ്ട് സംഘടനയുടെ ഉന്നത നേതാവ് നടത്തിയ പ്രസംഗം അണികളിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. “ഞാൻ ഇപ്പോൾ നിങ്ങളുടെ മുഖങ്ങൾ കാണുന്നു, എന്നാൽ കാലത്തിന്റെ കണ്ണാടിയിലൂടെ നോക്കുമ്പോൾ എനിക്ക് ഇവിടെ വരാനിരിക്കുന്ന പല എം.എൽ.എ (MLA) മാരെയും എം.പി (MP) മാരെയും കാണാൻ സാധിക്കുന്നുണ്ട്. ഭാവിയിൽ നിയമസഭയ്ക്കുള്ളിൽ ‘മന്ത്രി’ എന്നെഴുതിയ നെയിം ബോർഡിന് പിന്നിൽ ഇരിക്കുന്ന വ്യക്തികളെ എനിക്ക് ഇവിടെ വ്യക്തമായി കാണാം. കാലവും ദൈവവും തീരുമാനിച്ചാൽ ഇത് സംഭവിക്കുക തന്നെ ചെയ്യും,” നേതാവ് പ്രസംഗത്തിൽ വ്യക്തമാക്കി.
സൂര്യയുടെ ജീവകാരുണ്യ സംഘടനയായ നൽപണി ഇയക്കം ഇപ്പോൾ വെക്കുന്ന ഈ ഒരടി, വരും വർഷങ്ങളിൽ വലിയ രാഷ്ട്രീയ മുന്നേറ്റമായി മാറുമെന്നാണ് സംഘടന വിലയിരുത്തുന്നത്. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ സംഘടന 130 അടി ഉയരത്തിലേക്ക് എത്തുമെന്നും അതിനായി ഓരോ പ്രവർത്തകരും മാനസികമായി തയ്യാറായിരിക്കണമെന്നും നേതാവ് ആവശ്യപ്പെട്ടു. തമിഴ്നാട്ടിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പും ഉപതെരഞ്ഞെടുപ്പുകളും ലക്ഷ്യം വെച്ചുള്ള അടിത്തറ പാകലാണോ ഇതെന്നും രാഷ്ട്രീയ വൃത്തങ്ങളിൽ ചോദ്യങ്ങൾ ഉയരുന്നുണ്ട്.
ഭാരവാഹികൾക്കിടയിലുള്ള വ്യക്തിപരമായ വ്യത്യാസങ്ങളും ഈഗോയും മാറ്റിവെച്ച് സൂര്യ അണ്ണന് വേണ്ടി എന്തിനും തയ്യാറായി രംഗത്തിറങ്ങാൻ അണികളോട് ആഹ്വാനം ചെയ്യുന്നതാണ് പ്രസംഗത്തിന്റെ ബാക്കി ഭാഗം. “സൂര്യ അണ്ണന് വേണ്ടി കഠിനാധ്വാനം ചെയ്യാൻ നിങ്ങൾ തയ്യാറാണോ? നിങ്ങൾ ഓരോരുത്തരും പൂർണ്ണ പിന്തുണ നൽകിയാൽ മാത്രമേ ഈ ദൗത്യം മുന്നോട്ട് നീങ്ങുകയുള്ളൂ. ഇവിടെ ‘ഞാൻ’ എന്ന ഭാവം മറന്ന് അണ്ണന് വേണ്ടി ഇറങ്ങിയാൽ സൂര്യ അണ്ണൻ ജനപ്രതിനിധിയായി നിയമസഭയിൽ എത്തും,” നേതാവ് ഉറപ്പിച്ചു പറഞ്ഞു.
മുമ്പും പലതവണ സൂര്യയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് തമിഴ്നാട്ടിൽ വലിയ ചർച്ചകൾ നടന്നിരുന്നു. കഴിഞ്ഞ വർഷം സൂര്യയുടെ നേതൃത്വത്തിലുള്ള ‘അഗരം ഫൗണ്ടേഷന്റെ’ (Agaram Foundation) വിപുലമായ ഒരു പരിപാടിക്ക് പിന്നാലെ അദ്ദേഹം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ അന്ന് ഈ വാർത്തകളെല്ലാം തള്ളി സൂര്യയുടെ ഫാൻസ് അസോസിയേഷൻ ഔദ്യോഗികമായി രംഗത്തെത്തുകയും, ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ തന്തി ടിവി പുറത്തുവിട്ട ദൃശ്യങ്ങളോട് സൂര്യയോ അദ്ദേഹത്തിന്റെ ഓഫീസോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
English Summary
Speculation is rife in Tamil Nadu that actor Suriya might follow in the footsteps of Chief Minister C. Joseph Vijay and enter active politics. The rumors gained momentum after Thanthi TV broadcast a speech by a top leader of the ‘All India Suriya Thalaimai Narpani Iyakkam’ during a district office-bearers’ meeting in Chennai. In the speech, the leader urged fans to unite and prepare themselves, stating that if time and God permit, Suriya will become a public representative within two to three years. He even envisioned the fans becoming future MLAs, MPs, and Ministers. Although Suriya’s fans’ association had dismissed similar political rumors during an Agaram Foundation event last year, this latest leaked video has reignited intense political debates in the state.


