EntertainmentKeralaNews

കരയിപ്പിക്കല്ലെ‍ടാ എന്ന് മമ്മൂക്ക പറഞ്ഞു; ഇമോഷണലായ ആൾ പുറത്തേക്ക് വരുമ്പോൾ മാറും; സുരേഷ് കൃഷ്ണ

കൊച്ചി:നടൻ മമ്മൂട്ടിയെക്കുറിച്ച് സിനിമാ ലോകത്ത് പല അഭിപ്രായങ്ങളുണ്ട്. നടൻ ദേഷ്യക്കാരനാണെന്നാണ് വിമർശകരുടെ വാദം. എന്നാൽ അ‌ടുത്ത കാലത്തായി മമ്മൂ‌ട്ടിയെ പുകഴ്ത്തി സംസാരിച്ചവർ ഏറെയാണ്. ദേഷ്യമുണ്ടെങ്കിലും ഒപ്പം പ്രവർത്തിക്കുന്നവരോട് അനുകമ്പയുള്ള നടനാണ് മമ്മൂട്ടിയെന്ന് പല സഹപ്രവർത്തകരും അഭിപ്രായപ്പെട്ടു. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് നടൻ സുരേഷ് കൃഷ്ണ. താരവുമായി വർഷങ്ങൾ നീണ്ട സൗഹൃദം സുരേഷ് കൃഷ്ണയ്ക്കുണ്ട്. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് സുരേഷ് കൃഷണ മമ്മൂട്ടിയെക്കുറിച്ച് സംസാരിച്ചത്.

മമ്മൂക്കയുടെ കൂടെ ഒരുപാട് പടങ്ങൾ ചെയ്തിട്ടുണ്ടെന്ന് സുരേഷ് കൃഷ്ണ പറയുന്നു. അദ്ദേഹം ആരെയും റെക്കമന്റ് ചെയ്യുന്ന ആളാണെന്ന് തോന്നുന്നില്ല. പക്ഷെ അദ്ദേഹത്തെ കംഫർട്ടബിളാക്കാൻ വേണ്ടി കുറച്ച് പേരെ സിനിമയിലേക്ക് കാസ്റ്റ് ചെയ്യാറുണ്ട്. അങ്ങനെ വീണ് പോയതാണോ എന്നെനിക്കറിയില്ല. മമ്മൂക്കയോടൊപ്പം ഇരുന്നാൽ ഒരുപാട് സംസാരിക്കാനും കഥകൾ കേൾക്കാനുമുണ്ടാകും. ഒരുപാട് എക്സ്പീരിയൻസുള്ള ആളാണ്. ഏത് വിഷയമെടുത്തിട്ടാലും അതിനെക്കുറിച്ച് പുള്ളി സംസാരിക്കും.

പെട്ടെന്ന് ദേഷ്യപ്പെടുന്നത് കണ്ടിട്ടുണ്ടെങ്കിലും അഞ്ച് മിനുട്ട് കൊണ്ട് തന്നെ പുള്ളിയെ ശാന്തനാക്കാൻ പറ്റിയിട്ടുണ്ട്. ലൊക്കേഷനിൽ പുള്ളി മൂഡ് ഓഫ് ആയേക്കും. ഞങ്ങളോടൊന്നും ദേഷ്യപ്പെടില്ല. എന്തെങ്കിലും കാര്യത്തിൽ ശാസിക്കും. നമ്മുടെ വീട്ടിലെ ഏട്ടൻ വഴക്ക് പറയുന്നത് പോലെയാണ്. അത് രണ്ട് മിനുട്ടിൽ തീരുകയും ചെയ്യും. ഇഷ്ട‌മുള്ള ആളുകളോടെ പുള്ളി അങ്ങനെ പറയൂ. വളരെ ഇമോഷണലായ വ്യക്തിയാണ് മമ്മൂട്ടിയെന്നും സുരേഷ് കൃഷ്ണ പറയുന്നു.

എല്ലാവരും ജാഡയും അഹങ്കാരവുമെന്നൊക്കെ പറയും. ഞാനൊക്കെ മമ്മൂക്കയെ വളരെ ഇമോഷണലായ മമ്മൂക്കയെ കണ്ടിട്ടുണ്ട്. ചെറിയ കാര്യങ്ങൾക്ക് വരെ ഇമോഷണലാവും. അത് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോൾ വേറെ ആളാവും. അകത്ത് വളരെ കുഞ്ഞ് മനസാണ്. എന്റെ കല്യാണ സമയത്ത് ലാലേട്ടൻ മേജർ രവിയുടെ പടത്തിനായി കാശ്മീരിലായിരുന്നു. മമ്മൂക്ക വരുമെന്ന് ഉറപ്പിച്ച് പറ‍ഞ്ഞിരുന്നു.

പൊള്ളാച്ചി കഴിഞ്ഞ് ഏഴ് മണിക്കൂർ യാത്ര ചെയ്യേണ്ട സ്ഥലത്ത് രഞ്ജിയേട്ടന്റെ പ‌ടത്തിന്റെ ഷൂട്ട് നടക്കുകയാണ്. പ്രജാപതിയാണെന്ന് തോന്നുന്നു. തലേദിവസമാണ് പുള്ളി വിളിച്ച് പറയുന്നത്. മൂന്ന് ദിവസം ഇവിടെ ഷൂട്ടിം​ഗ് ബ്രേക്ക് ചെയ്യേണ്ടി വരുമെന്ന് പറഞ്ഞു. കുഴപ്പമില്ലെന്ന് ഞാൻ പറഞ്ഞു. രാത്രി പത്ത് മണിയായപ്പോൾ ഫോണിൽ രണ്ട് മിസ്ഡ് കോൾ. തിരിച്ച് വിളിച്ചപ്പോൾ എല്ലാം ഓക്കെയല്ലേ എന്ന് മമ്മൂക്ക ചോദിച്ചു.

എല്ലാം ഓക്കെയാണ്, പിന്നെ മമ്മൂക്ക വരാത്ത വിഷമം ഉണ്ടായിരുന്നു, മമ്മൂക്കയുടെ കാലിൽ തൊട്ട് അനു​ഗ്രഹം വാങ്ങിക്കാൻ ഞാനും ഭാര്യയും സ്വപ്നം കണ്ടിരുന്നു, അത് നടന്നില്ല എന്ന വിഷമമേയുള്ളൂ എന്ന് പറഞ്ഞു. പുള്ളിക്ക് സങ്കടം സഹിക്കാൻ പറ്റിയില്ല. ഡാ നീ വെറുതെ കരയിപ്പിക്കല്ലേ മനപ്പൂർവം ഞാനത് ചെയ്യുമോ എന്ന് പറഞ്ഞെന്നും സുരേഷ് കൃഷ്ണ ഓർത്തു. വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ സുരേഷ് കൃഷ്ണ മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പം തുടരെ സിനിമ ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button