ചെന്നൈ: നടന്‍ ശ്രീകാന്ത് അന്തരിച്ചു. 82 വയസ്സായിരുന്നു. നടിയും തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയുടെ ആദ്യ നായകനാണ് ശ്രീകാന്ത്. അമേരിക്കന്‍ കോണ്‍സുലേറ്റിലെ ജോലി രാജിവെച്ചാണ് ശ്രീകാന്ത് സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്. 1965 ല്‍ സി വി ശ്രീധര്‍ സംവിധാനം ചെയ്ത വെണ്ണിറൈ ആടൈ എന്ന സിനിമയില്‍ ജയലളിതയുടെ നായകനായി അരങ്ങേറി.
കെ ബാലചന്ദറിന്റെ ഭാമവിജയം, പൂവ തലൈയ, എതിര്‍ നീച്ചല്‍, കാശേതാന്‍ കടവുളഡാ തുടങ്ങിയവ ശ്രീകാന്തിന്റെ ശ്രദ്ധേയ സിനിമകളാണ്. നാലു പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തില്‍ 200 ലേറെ സിനിമകളില്‍ അഭിനയിച്ചു. ഇതില്‍ 50 ലേറെ ചിത്രങ്ങളില്‍ നായകനായിരുന്നു.
നായകന്‍, വില്ലന്‍, കൊമേഡിയന്‍ തുടങ്ങിയ റോളുകളിലെല്ലാം തിളങ്ങി. ശിവാജി ഗണേശന്‍, മുത്തുരാമന്‍, ശിവകുമാര്‍, രജനീകാന്ത്, കമല്‍ഹാസന്‍ തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. രജനീകാന്ത് നായകവേഷത്തില്‍ ആദ്യമായെത്തിയ ഭൈരവി എന്ന ചിത്രത്തില്‍ വില്ലന്‍വേഷത്തിലെത്തിയത് ശ്രീകാന്താണ്.മേജര്‍ സുന്ദര്‍രാജന്‍, നാഗേഷ്, കെ ബാലചന്ദര്‍ എന്നിവര്‍ക്കൊപ്പം നാടകരംഗത്തും ശ്രീകാന്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.