‘എന്റെ മനസ് ശൂന്യമാവുന്ന പോലെ തോന്നുന്നു… ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു’ :മമ്മൂട്ടി

കോഴിക്കോട്: അന്തരിച്ച എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായരെ അനുസ്മരിച്ച് നടന്‍ മമ്മൂട്ടി. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വൈകാരികമായ കുറിപ്പിലൂടെയാണ് മമ്മൂട്ടി എം.ടിയെ അനുസ്മരിച്ചത്. തന്റെ മനസ് ശൂന്യമാകുന്നതുപോലെ തോന്നുന്നുവെന്ന് മമ്മൂട്ടി കുറിച്ചു.

ഒരു വടക്കരന്‍ വീരഗാഥ, ഉത്തരം, അടിയൊഴുക്കുകള്‍, സുകൃതം, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ തുടങ്ങി എം.ടി. വാസുദേവന്‍ നായര്‍ രചിച്ച ഒട്ടേറെ ചലച്ചിത്രങ്ങളില്‍ മമ്മൂട്ടിയായിരുന്നു നായകനായി എത്തിയത്. ഇക്കഴിഞ്ഞ ജൂലൈയില്‍ കൊച്ചിയില്‍ നടന്ന എം.ടിയുടെ 91-ാം പിറന്നാളാഘോഷത്തിനിടെ കേക്ക് മുറിച്ചു നല്‍കിയ മമ്മൂട്ടിയെ എം.ടി. ആലിംഗനം ചെയ്യുന്ന ചിത്രം ശ്രദ്ധേയമായിരുന്നു.

മമ്മൂട്ടിയുടെ കുറിപ്പ് പൂര്‍ണരൂപത്തില്‍:

ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്.കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു.കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു. സ്‌നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.

നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി.

ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്.അതൊന്നും ഓര്‍ക്കുന്നില്ലിപ്പോള്‍.ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു.ഞാനെന്റെ ഇരു കൈകളും മലര്‍ത്തിവെക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News