ഹൈദരാബാദ്: തെലുങ്ക് നടൻ മഹേഷ് ബാബുവിന്റെ അമ്മയും മുതിർന്ന നടൻ കൃഷ്ണയുടെ ഭാര്യയുമായ ഘട്ടമനേനി ഇന്ദിരാദേവി അന്തരിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു അന്ത്യം. അസുഖബാധിതയായി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് മരണം സംഭവിച്ചത്. രാവിലെ 9 മണി മുതൽ ഹൈദരാബാദ് പദ്മാലയ സ്റ്റുഡിയോയിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.
ഉച്ചയ്ക്ക് ഒരുമണിക്ക് അന്ത്യകർമ്മകൾ നടക്കുമെന്നാണ് വിവരം. കൃഷ്ണയുടേയും ഇന്ദിരാദേവിയുടേയും അഞ്ച് മക്കളിൽ നാലാമനാണ് മഹേഷ് ബാബു. ഇന്ദിരയുമായി വേർപിരിഞ്ഞ കൃഷ്ണ പിന്നീട് വിജയനിർമലയെ വിവാഹം ചെയ്തിരുന്നു. ഈ വർഷം ആദ്യം മഹേഷ് ബാബുവിന്റെ മൂത്ത സഹോദരൻ രമേഷ് ബാബുവും അന്തരിച്ചിരുന്നു. നമ്രത ശിരോദ്കറെയാണ് മഹേഷ് ബാബു വിവാഹം ചെയ്തത്. ഗൗതം ഘട്ടമനേനി, സിതാര ഘട്ടമനേനി എന്നീ രണ്ട് കുട്ടികളുടെ ഇവർക്കുള്ളത്.
Shri Ghattamaneni Indira Devi , the wife of Superstar Krishna and mother of Superstar Mahesh Babu passed away today morning.
— 𝐕𝐚𝐦𝐬𝐢𝐒𝐡𝐞𝐤𝐚𝐫 (@UrsVamsiShekar) September 28, 2022
Today from 9.00AM,her body will be kept at the Padmalaya studio for people to visit & later the last rites will be performed at Mahaprasthan. #IndiraDevi pic.twitter.com/ZZ7uK81DEj
‘സര്‍ക്കാരു വാരി പാട്ട’ എന്ന ചിത്രമാണ് മഹേഷ് ബാബുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. മെയ് 12നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മൈത്രി മൂവി മേക്കേഴ്‍സും മഹേഷ് ബാബു എന്റര്‍ടെയ്‍ൻമെന്റ്‍സും ചേര്‍ന്നാണ് ‘സര്‍ക്കാരു വാരി പാട്ട’ നിര്‍മിച്ചത്. കീര്‍ത്തി സുരേഷ് ആണ് നായികയായി എത്തിയത്.
എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രത്തിലും മഹേഷ് ബാബുവാണ് നായകൻ. ബോളിവുഡ് താരം ആലിയ ഭട്ട് ആണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുക. മാര്‍വെല്‍ സ്റ്റുഡിയോസിന്റെ ‘തോര്‍’ ആയി ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ ക്രിസ് ഹാംസ്‍വെര്‍ത്ത് മഹേഷ് ബാബുവിന് ഒപ്പം അഭിനയിക്കും എന്നാണ് റിപ്പോര്‍ട്ട്. വനത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായിരിക്കും രാജമൗലി മഹേഷ് ബാബുവിന്റെ നായകനാക്കി ഒരുക്കുകയെന്നാണ് വിവരം.