ചെന്നെെ: ടൈം ട്രാവൽ ചെയ്യാൻ സാധിച്ചാൽ 2014-ലേക്ക് പോയി പ്രധാനമന്ത്രിയെ മാറ്റുമെന്ന് നടൻ കിഷോർ. മെല്ലിസൈ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിൽ പിന്നിലേക്ക് പോയി എന്തെങ്കിലും ചെയ്യാൻ അവസരം ലഭിച്ചാൽ എന്തുചെയ്യുമെന്ന ചോദ്യത്തോടാണ് കിഷോർ ഈ ഉത്തരം നൽകിയത്. കിഷോറിന്റെ വാക്കുകൾ വലിയ ചർച്ചയായിരിക്കുകയാണ്.
“ഈ ചോദ്യത്തിനുള്ള ഉത്തരം പറഞ്ഞാൽ നിങ്ങളത് കൊടുക്കുമോ എന്നറിയില്ല. എങ്കിലും പറയാം. ഞാൻ 2014-ലേക്ക് പോയി പ്രധാനമന്ത്രിയെ മാറ്റും. ഇന്ത്യ മാറിയിരിക്കുകയാണ്. ഇന്ന് നമ്മൾ അഭിമുഖീകരിക്കുന്ന വെറുപ്പിന്റെ അളവ് വളരെ കൂടുതലാണ്. വലിയ അപകടമാണിത്. ഇത്തരത്തിൽ പോകുകയാണെങ്കിൽ ഈ അവസ്ഥ മാറ്റിയെടുക്കാൻ പതിറ്റാണ്ടുകൾ വേണ്ടിവരും.” ഇന്ത്യാ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ കിഷോർ പറഞ്ഞു.
‘മെല്ലിസൈ എന്ന ചിത്രം സ്നേഹത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. സ്നേഹമില്ലാതിരുന്നാൽ പിന്നെ മനുഷ്യന് ജീവിക്കാൻ സാധിക്കില്ല. പരസ്പരം വെറുത്താൽ എങ്ങനെ ജീവിക്കാൻ സാധിക്കും. വെറുപ്പ് ഇൻവെസ്റ്റ്മെൻറാക്കി അധികാരത്തിലേക്ക് വന്നാൽ അവർ വളരെ അപകടകാരികളാകും. ആ വെറുപ്പ് ഒരു കമ്മ്യൂണിറ്റിക്ക് നേരെയായാലും നാടിന് നേരെയായാലും അപകടമാണ്. അത്തരക്കാരാണ് ഇപ്പോൾ എല്ലായിടത്തും അധികാരത്തിൽ ഇരിക്കുന്നത്. ട്രംപിനെ നോക്കൂ. എല്ലാവരും അങ്ങനെയാണ്.’ അത് വളരെ അപകടമാണെന്നും കിഷോർ വ്യക്തമാക്കി.
‘രാഷ്ട്രീയം പവർ പൊസിഷനല്ല. ജനങ്ങൾക്ക് വേണ്ടി ജോലി ചെയ്യണം. ജവഹർലാൽ നെഹറു പറഞ്ഞത് താൻ പ്രഥമ സേവകൻ ആണെന്നാണ്. മോദി പറഞ്ഞത് പ്രധാന സേവക് എന്നാണ്. അതിനർഥം താനാണ് പ്രധാനിയെന്നാണ്.’ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണെങ്കിൽ, ജനങ്ങളെ സേവിക്കണമെന്നും കിഷോർ കൂട്ടിച്ചേർത്തു.


