വയനാട്:ലയാള സിനിമയിലെ മുതിർന്ന അഭിനേതാക്കളിൽ ഒരാളാണ് നടൻ ജോയ് മാത്യു. സമൂഹത്തിൽ നടക്കുന്ന പല കാര്യങ്ങളിലും തന്റേതായ നിലാപാടുകൾ മടി കൂടാതെ തുറന്ന് പറയുന്ന സിനിമാ താരങ്ങളിൽ ഒരാള് കൂടിയാണ് അദ്ദേഹം. ജോയ് മാത്യുവിന്റെ പല പ്രസ്താവനകളും പലപ്പോഴും ജന ശ്രദ്ധേടുന്നതിനൊപ്പം തന്നെ വിമർശനങ്ങളും നേരിടാറുണ്ട്. ഇപ്പോഴിതാ രാഹുൽ ഗാന്ധി പങ്കെടുത്ത സത്യമേവ ജയതേ വേദിയിൽ ജോയ് മാത്യു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
വെള്ളിത്തിരയിലെ സൂപ്പർ സ്റ്റാറുകൾ അനീതിക്കെതിരെ സംസാരിക്കില്ലെന്ന് പറഞ്ഞ ജോയ് മാത്യു, ആർജ്ജവമുള്ള താനാണ് സൂപ്പർസ്റ്റാർ എന്ന് പറയുന്നു. താൻ കോൺഗ്രസുകാരൻ ആണോ എന്ന് ചോദിച്ചാൽ അതറിയില്ലെന്നും താനൊരു ആർട്ടിസ്റ്റ് ആണെന്നും ജോയ് മാത്യു പറയുന്നു.
ജോയ് മാത്യുവിന്റെ വാക്കുകൾ ഇങ്ങനെ
ഞാൻ കോൺഗ്രസുകാരൻ ആണോ എന്ന് ചോദിച്ചാൽ എനിക്ക് തന്നെ അതറിയില്ല. ഇപ്പോ ഇന്ന് മുതലോ നാളെ മുതലോ എന്റെ പേര് വച്ച് ഫേസ്ബുക്കിൽ ട്രോളുകൾ വരാൻ തുടങ്ങും. അങ്ങനത്തെ കാര്യങ്ങളൊന്നും മുഖ വിലയ്ക്ക് എടുക്കാത്ത ആളാണ് ഞാൻ. ഞാനൊരു ആർട്ടിസ്റ്റ് ആണ്. ഒരു നടനാണ്. ജനങ്ങൾക്ക് ഇഷ്ടമുള്ള നടനാണെന്നാണ് ഞാൻ വിശ്വാസിക്കുന്നത്. ഞാനപ്പോൾ പബ്ലിക് പ്രോപ്പർട്ടിയാണ്.
എന്റെ സിനിമ കോൺഗ്രസുകാർ മാത്രം കാണണം, കമ്യൂണിസ്റ്റുകാർ കാണണ്ട, എന്നൊന്നും എനിക്ക് പറയാൻ പറ്റില്ല. കാരണം ഞാൻ ജനങ്ങളുടെ സ്വത്താണ്. ഞാൻ അഭിനയിക്കുന്ന സിനിമകളും ഞാൻ എഴുതുന്നതും വായിക്കുന്നതും ജനങ്ങളാണ്. അതിൽ വേർതിരിവില്ല. ജാതി- വംശ വ്യത്യാസങ്ങളൊന്നും ഇല്ല. ഞാൻ അങ്ങനെ കാണുന്നുമില്ല.
നെറികേടിനെ നെറികേടെന്ന് പറയാൻ കാണിക്കുന്ന ആർജ്ജവത്തിനെയാണ് സൂപ്പർ സ്റ്റാർ എന്ന് വിളിക്കുകയെങ്കിൽ, ഞാൻ സൂപ്പർ സ്റ്റാറാണ്. നിങ്ങൾക്ക് ഒരുപാട് സൂപ്പർ സ്റ്റാറുകൾ ഉണ്ടാകും. പക്ഷേ സമൂഹത്തിൽ നടക്കുന്ന എന്തെങ്കിലും ഒരു അനീതിക്കെതിരെ കമ എന്ന് മിണ്ടാൻ ധൈര്യമില്ലാത്തവരാണ്.
എന്നെക്കാള്‍ പ്രശസ്തരും ആരാധകരും ഉള്ള ആളുകളെ വിളിക്കുന്നതിന് പകരം കുറച്ച് സിനിമകളിലൊക്കെ അഭിനയിച്ചു, കുറച്ച് കാര്യങ്ങളൊക്കെ പറയുന്നൊരാളെ വിളിച്ച് ഇത്രയും വലിയൊരു സദസിന് മുന്നില്‍ ഇരുത്തുക എന്ന് പറഞ്ഞാല്‍, എന്നില്‍ എന്തോ ഒരു നല്ല വശം ഉണ്ട്. അതിത്രയെ ഉള്ളൂ അനീതി കണ്ടാല്‍ എതിര്‍ക്കുക. അതിന് നിങ്ങള്‍ കോണ്‍ഗ്രസുകാരനോ കമ്യൂണിസ്റ്റുകാരനോ ആകണമെന്നില്ല. പക്ഷേ കമ്യൂണിസ്റ്റുകാര്‍ എതിര്‍ക്കില്ല. അത് വേറെ കാര്യം.
കാരണം ഒരൊറ്റ മുഖം ഉള്ള പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വിമര്‍ശനങ്ങള്‍ അവര്‍ക്ക് സ്വീകാര്യമേ അല്ല. വിമർശനങ്ങളെ ഉൾക്കൊള്ളാൻ കമ്മ്യുണിസ്റ്റുകാർ തയ്യാറാവുന്നില്ല.
തെറ്റ് കണ്ടാൽ ചൂണ്ടിക്കാട്ടുന്ന ഒറ്റയാൾ പോരാളിയാണ് രാഹുൽ ഗാന്ധി. ഇന്ന് ഇന്ത്യ ഉറ്റുനോക്കുന്നത് രാഹുൽ ഗാന്ധിയെയാണ്. അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രാധ്യാപിക്കേണ്ടത് ജനങ്ങളുടെ അവകാശമാണ്. കല രണ്ടാമതാണ് വലുത് ആദ്യം ആവശ്യം സമൂഹമാണ്.
ന്യായാധിപന്മാരും കോടതിയും ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഇന്ത്യൻ അവ്സഥയിൽ ഒരാൾ കള്ളൻ എന്ന് പറയാൻ കാണിച്ച അദ്ദേഹത്തിന്റെ ചങ്കൂറ്റത്തെ സ്വാഗതം ചെയ്യുന്നു. ജനങ്ങളാണ് എന്നെ പൊറ്റുന്നത്. നല്ല മുനുഷ്യനായിരിക്കാൻ നോക്കുകയാണ് വേണ്ടതെന്നും ജോയ് മാത്യു പറഞ്ഞു.