കൊച്ചി:ഇടപ്പള്ളി – വൈറ്റില ദേശീയ പാതയില്‍ വച്ച് നടന്‍ ജോജു ജോര്‍ജിന്‍റെ വാഹനം തല്ലിത്തകര്‍ത്തതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
വാഹനം തകര്‍ത്തതിനും ദേശീയപാത ഉപരോധിച്ചതിനുമാണ് കണ്ടാലറിയാവുന്ന പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി കേസ്ജി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞുവെന്ന ആരോപണത്തിന് ജോജുവിനെതിരെ കേസെടുത്തില്ല. പരാതിയില്‍ കൂടുതല്‍ പരിശോധനയ്ക്ക് ശേഷമേ കേസ് രജിസ്റ്റര്‍ചെയ്യണോ എന്ന കാര്യം തീരുമാനിക്കൂ എന്ന് പൊലീസ് വ്യക്തമാക്കി.
ജോജു മദ്യപിച്ചിരുന്നുവെന്ന് മഹിളാ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ പൊലീസിനൊപ്പം പോയ ജോജു ജോര്‍ജ് വൈദ്യപരിശോധനയ്ക്ക് വിധേയനായി. തുടര്‍ന്ന് ജോജു മദ്യപിച്ചിരുന്നില്ലെന്ന് തെളിഞ്ഞു. ഇതോടെ മദ്യപിച്ചാണ് ജോജു അസഭ്യം പറഞ്ഞതെന്ന മഹിളാ കോണ്‍ഗ്രസിന്‍റെ വാദം ദുര്‍ബലമാകുകയാണ്.
രാവിലെ കോണ്‍ഗ്രസ് ഇന്ധനവില വര്‍ദ്ധനയ്ക്ക് എതിരെ നടത്തിയ സമരമാണ് ഒടുവില്‍ നാടകീയ രംഗങ്ങളില്‍ കലാശിച്ചത്. വണ്ടി ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി ഏറെ നേരമായതോടെ നടന്‍ ജോജു ജോര്‍ജ് ഇറങ്ങി വന്നു. വഴി തടഞ്ഞുള്ള സമരത്തിനെതിരെ പ്രതിഷേധിച്ചു.
തന്‍റെ കാറിനടുത്തുള്ള വാഹനത്തില്‍ കീമോ തെറാപ്പി ചെയ്യാന്‍ പോകുന്ന ഒരു കുട്ടിയാണുള്ളതെന്നും, തൊട്ടപ്പുറത്തുള്ള കാറില്‍ ഒരു ഗര്‍ഭിണി സ്കാനിംഗിനായി പോകുകയാണെന്നും, ഇവരുടെയൊക്കെ വഴി തടഞ്ഞിട്ട് ഇതെന്ത് സമരമാണെന്നും ജോജു. ഒടുവില്‍ ജോജുവും കോണ്‍ഗ്രസുകാരും തമ്മില്‍ സംഘര്‍ഷമായി.
ജോജുവിനെതിരെ നടപടിയെടുത്തേ തീരുവെന്നും ഒരു ഗുണ്ടയെ പോലെയാണ് നടന്‍ പെരുമാറിയെതന്നും സുധാകരന്‍ ആരോപിച്ചു. ജോജു വിഷയത്തില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കേരളം അതിരൂക്ഷമായ സമരത്തെ കാണേണ്ടി വരുമെന്നും സുധാകരന്‍ വെല്ലുവിളിച്ചു.