EntertainmentKeralaNews

സിനിമയ്ക്ക് പുറത്തെ ഗൗരവക്കാരൻ, വലിയ നഷ്ടം, മാമുക്കോയയുടെ ഓർമ്മയിൽ ജയറാം

കോഴിക്കോട്: മാമുക്കോയയുമായി ഉണ്ടായിരുന്നത് 35 വർഷത്തെ സൗഹൃദമായിരുന്നുവെന്ന് നടൻ ജയറാം. മാമുക്കോയയുമൊത്തുള്ള അഭിനയമുഹൂർത്തങ്ങൾ ഓർത്തെടുത്തും, സിനിമയ്ക്ക് പുറത്തെ ഗൗരവക്കാരനായ മാമുക്കോയയെ ഓർത്തെടുത്തുമാണ് നടൻ ജയറാം സംസാരിച്ചത്. മാമുക്കോയയുടെ മടക്കം മലയാളത്തിന്റെ തീരാനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

ജയറാമിന്റെ പ്രതികരണം

‘ധ്വനി എന്ന സിനിമയ്ക്ക് വേണ്ടി പോയപ്പോൾ കോഴിക്കോട് വെച്ചാണ് ആദ്യമായി മാമുക്കോയയെ കാണുന്നത്. അന്ന് തൊട്ട് മാമുക്കോയയും ഇന്നസെന്റേട്ടനും ഒടുവിൽ ഉണ്ണികൃഷ്ണനും ശങ്കരാടി സാറും ആ ഒരു നിരയില്ലാത്ത എന്റെ സിനിമകളുണ്ടായിരുന്നില്ല, വളരെ ചുരുക്കമായിരുന്നു.

അത്തരം നടന്മാരുടെ കൂടെ പ്രവർത്തിക്കാനായത് ജീവിതത്തിലെ പുണ്യമാണ്, ദൈവാധീനമാണ്. സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ ഇവരൊക്കെയുണ്ടാവും. ഒരു കല്യാണം കൂടാൻ പോയ പോലെയാണ് 35-40 ദിവസം ചെലവഴിക്കുക. എത്രമാത്രം ചിരിക്കുന്ന മുഹൂർത്തങ്ങളാണ് അന്നൊക്കെയുണ്ടായിരുന്നത്. ആ പേരുകളിലെ അവസാനത്തെ പേരും വെട്ടിപ്പോയി. ഇനിയില്ല നമുക്കാരും.’

‘ഒരിക്കലും മാമുക്കോയ അഭിനയിക്കുകയാണെന്ന് തോന്നിയിട്ടില്ല. മഴവിൽക്കാവടിയിലെ പോക്കറ്റടിക്കാരൻ, പഴനിയിൽ അങ്ങനെയൊരു പോക്കറ്റടിക്കാരൻ ഉണ്ടെന്നല്ലേ ആർക്കും തോന്നുക. സന്ദേശത്തിലെ രാഷ്ട്രീയക്കാരൻ, അദ്ദേഹമൊരു രാഷ്ട്രീയക്കാരൻ തന്നെയാണെന്ന് തോന്നും. ഞാനദ്ദേഹത്തോട് അത് ചോദിച്ചിട്ടുമുണ്ട്.

കുറച്ച് മുൻപ് സത്യേട്ടനെ വിളിച്ചപ്പോഴും ഇത് തന്നെയാണ് പറഞ്ഞത്. എന്തൊരു നഷ്ടമാണ് മലയാളത്തിന്, ഭയങ്കര വേദനയാണ് മനസിൽ. ഇവരൊന്നും അഭിനയിക്കുകയാണെന്ന് തോന്നില്ല. അത്രയ്ക്ക് നാചുറലായാണ് അവരൊക്കെ അഭിനയിച്ചിരിക്കുന്നത്. 

‘മാമുക്കോയ സ്ക്രീനിൽ കാണുന്ന ആളേയല്ല പുറത്ത്. അദ്ദേഹം സാധാരണ പച്ചമനുഷ്യനാണ്. വളരെ സീരിയസാണ്. ക്യാമറയ്ക്ക് പുറകിൽ ഇത്തരം തമാശകളൊന്നുമില്ല. വളരെ രാഷ്ട്രീയമായി കാര്യങ്ങളെ നോക്കിക്കാണുകയും ചുറ്റുപാടിനെ കുറിച്ച് വ്യക്തമായ ധാരണയൊക്കെയുള്ള മനുഷ്യനായിരുന്നു അദ്ദേഹം,’- ജയറാം പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button