മലയാളികളുടെ പ്രിയതാരമാണ് ജയറാം. അഭിനയത്തിന് പുറമെ ആനകളോടും ചെണ്ട മേളത്തോടുമൊക്കെ ജയറാമിനുള്ള ഇഷ്‍ടം പ്രസിദ്ധമാണ്. എന്നാൽ കൃഷിയിലും പശുവളര്‍ത്തലിലും താരം തന്റെ കഴിവ് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ സംസ്ഥാന കൃഷിവകുപ്പിന്റെ ആദരം ഏറ്റുവാങ്ങിയിരിക്കുകയാണ് ജയറാം. മുഖ്യമന്ത്രി പിണറായി വിജയനാണ് താരത്തെ ആദരിച്ചത്.
ഈ വർഷത്തെ കർഷക അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ജയറാമിന് പ്രത്യേക ആദരം നൽകുമെന്ന്
നേരത്തെ വ്യക്തമാക്കിയിരുന്നു. പെരുമ്പാവൂരിലെ ജയറാമിന്റെ ഫാമിന്റെ പ്രവർത്തനങ്ങൾക്കാണ് ആദരം നൽകിയത്. സോഷ്യൽ മീഡിയ പേജുകളിൽ താരം സന്തോഷം പങ്കുവച്ചിട്ടുണ്ട്.
‘ഏറെ സന്തോഷിക്കുന്ന അഭിമാനിക്കുന്ന നിമിഷം..കൃഷിക്കാരൻ ജയറാം….കേരള സർക്കാരിന് . കൃഷി വകുപ്പിന്…THANK YOU….നാട്ടുകാരായ എല്ലാവർകും…എന്നെ സഹായിക്കുന്ന സഹപ്രവര്‍ത്തകർ… ‘, എന്നാണ് ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് ജയറാം കുറിച്ചത്.
പെരുമ്പാവൂര്‍ തോട്ടുവയിൽ ജയറാമിന് ആറേക്കര്‍ ഫാമാണ് ഉള്ളത്. ആനന്ദ് എന്നാണ് ഫാമിന് നല്‍കിയ പേര്. 100 പശുക്കളാണ് ഫാമിലുള്ളത്. പുറമെ, വാഴയും ജാതിയും വിവിധയിനം പഴങ്ങളും തീറ്റപ്പുല്ലും സമൃദ്ധമായി വളരുന്നു. എച്ച് എഫ് ഇനം പശുക്കളാണ് കൂടുതല്‍. വെച്ചൂര്‍, ജഴ്‌സി പശുക്കളും ഫാമില്‍ വളരുന്നു. ഗംഗ, യമുന തുടങ്ങി നദികളുടെ പേരാണ് പശുക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. ഫാമിന് പുറമെ നെല്ല്, തെങ്ങ് കൃഷിയും ജയറാം നടത്തുന്നു.
അതേസമയം, മകൾ എന്ന ചിത്രമാണ് ജയറാമിന്റേതായി മലയാളത്തിൽ ഒടുവിൽ ഇറങ്ങിയ ചിത്രം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിൽ നായികയായി എത്തിയത് മീരാ ജാസ്മിൻ ആണ്. നീണ്ട ഇടവേളക്ക് ശേഷം മീര അഭിനയിക്കുന്ന ചിത്രം കൂടിയായിരുന്നു ഇത്. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്താണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിർമ്മാണം. മകള്‍ എന്ന പുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് കുമാര്‍ ആണ്.
ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രമാണ് ജയറാമിന്റേതായി റിലീസിനൊരുങ്ങുന്നത്. ആഴ്‌വാര്‍ക്കടിയന്‍ നമ്പി എന്ന കഥാപാത്രത്തെ ആണ് ജയറാം അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന്റെ ഗെറ്റപ്പുകൾ ഏറെ ശ്രദ്ധനേടിയിരുന്നു.