തിരുവനന്തപുരം:മലയാളികളുടെ ഇഷ്ട സിനിമാ താരം ജനാർദനന്‍ മരിച്ചതായി സോഷ്യല്‍ മീഡിയയിൽ വ്യാജ പ്രചാരണം. കഴിഞ്ഞ ദിവസം മുതലാണ് ചില സോഷ്യല്‍ മീഡിയ പേജുകളിലും വാട്സാപ്പ് ഗ്രൂപ്പുകളിലും ഇത്തരം പ്രചാരണം ആരംഭിച്ചത്. ജനാര്‍ദ്ദനന്റെ ചിത്രം വെച്ചുളള ആദരാഞ്ജലി കാര്‍ഡുകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരം പ്രചാരണങ്ങളോട് പ്രതികരിച്ച് നടൻ ജനാര്‍ദ്ദനന്‍ തന്നെ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്.
പ്രമുഖരുടെ വ്യാജ മരണ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പറന്നു നടക്കുന്നത് പുതിയ കാര്യമല്ല. മലയാളത്തിന്റെ അഭിമാന താരം ജഗതി ശ്രീകുമാർ മുതൽ ബിഗ് ബി അമിതാഭ് ബച്ചന്‍ വരെ സോഷ്യല്‍ മീഡിയയുടെ ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് ഇരയായിട്ടുണ്ട്. ഏറ്റവും ഒടുവില്‍ സോഷ്യല്‍ മീഡിയ വ്യാജ വാര്‍ത്തകളുടെ ഇരയായിരിക്കുന്നത് മലയാളത്തിലെ മുതിര്‍ന്ന നടന്‍ ജനാർദനന്‍ ആണ്. അദ്ദേഹം മരണപ്പെട്ടതായി വ്യാപക പ്രചാരണമാണ് വാട്സാപ്പ് ഗ്രൂപ്പുകളിലും മറ്റും നടക്കുന്നത്.
ഒട്ടനവധി പേരാണ് വ്യാജ വാര്‍ത്തയും ചിത്രങ്ങളും പങ്കുവെക്കുന്നത്. പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ വാര്‍ത്തകളാണ് എന്നും ജനാര്‍ദ്ദനന്‍ ആരോഗ്യത്തോടെ തന്നെ ഇരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ പേരിലുളള ഫേസ്ബുക്ക് ഫാന്‍ ഗ്രൂപ്പ് പ്രതികരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ വ്യാജ മരണ വാര്‍ത്തകളോട് സ്വകാര്യ വാർത്താ ചാനലിനോട് ജനാർദനന്‍ തന്നെ പ്രതികരിച്ചു.
വാര്‍ത്തകളുടെ നിജസ്ഥിതി അറിയാനായി സിനിമാ രംഗത്ത് നിന്ന് നിരവധി പേരാണ് തന്നെ വിളിക്കുന്നുവെന്ന് ജനാർദനൻ വ്യക്തമാക്കി. താന്‍ പൂര്‍ണ ആരോഗ്യവാനാണ്. സൈബര്‍ ഭ്രാന്തന്മാരുടെ ഇത്തരം വൈകൃതങ്ങളോട് പ്രതികരിക്കാനില്ലെന്നും ജനാര്‍ദ്ദനന്‍ പറഞ്ഞു.
പ്രശസ്ത നടന്‍ ജനാര്‍ദ്ദനന്‍ അന്തരിച്ചു. ഒട്ടനവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ നടന്‍ കാലയവനികയ്ക്ക് ഉള്ളില്‍ മറഞ്ഞു, പ്രണാമം’ എന്നാണ് താരത്തിന്റെ ചിത്രത്തിനൊപ്പം പ്രചരിക്കുന്ന പോസ്റ്ററിലെ കുറിപ്പ്. ഇത് വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.
നിർമാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എൻ എം ബാദുഷയും ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ‘ഇന്നലെ മുതൽ നടൻ ജനാർദനൻ മരിച്ചു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കുകയാണ്. ഇതറിഞ്ഞ് അദ്ദേഹവുമായി ഇന്നലെയും സംസാരിച്ചു. ജനാർദനൻ ചേട്ടൻ പൂർണ ആരോഗ്യവനായി, സന്തോഷവാനായി അദ്ദേഹത്തിന്റെ വീട്ടിലുണ്ട്. ഇത്തരത്തിലുള്ള തെറ്റായ വാർത്തകൾ യാതൊരു സ്ഥിരീകരണവുമില്ലാതെ ഷെയർ ചെയ്യുന്നത് അത്യന്തം അപലപനീയമാണ്. ഈ പ്രവണത ഇനിയെങ്കിലും നിർത്തണം; ഇതൊരു അപേക്ഷയാണ്’.- ബാദുഷ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം കന്നഡ സിനിമാ താരമായ ജനാർദനന്‍ മരണപ്പെട്ടിരുന്നു. ഇതാണ് മലയാള തരം ജനാർദനന്റെ മരണവാര്‍ത്തയായി പ്രചരിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. നടന്‍ സലിം കുമാറും ജഗതിയും ഇന്നസെന്റും അടക്കമുള്ളവര്‍ മലയാളത്തില്‍ വ്യാജ മരണ വാര്‍ത്താ പ്രചരണത്തിന് ഇരയായിട്ടുളളതാണ്.