കൊച്ചി:മലയാളികൾ ഇന്ന് ഏറെ ഇഷ്ടപ്പെടുന്ന നടനാണ് ഇന്ദ്രന്‍സ്. തലമുറ വ്യത്യാസമില്ലാതെയാണ് നടനെ പ്രേക്ഷകർ സ്നേഹിക്കുന്നത്. കോമഡി വേഷങ്ങളും അഭിനയപ്രാധാന്യമുള്ള ക്യാരക്ടർ റോളുകളിലുമെല്ലാം ഒരുപോലെ തിളങ്ങിയിട്ടുള്ള നടൻ ഇന്ന് മലയാള സിനിമയിലെ നിറ സാന്നിധ്യമാണ്. ഈ അടുത്ത കാലത്താണ് അദ്ദേഹത്തിലെ പ്രതിഭയെ മലയാള സിനിമ നല്ല രീതിയിൽ ഉപയോഗിച്ചു തുടങ്ങിയത്.
അടുത്തിടെ ഇറങ്ങിയ അഞ്ചാംപാതിര, ഹോം, ഉടൽ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ ഗംഭീര പ്രകടനമാണ് ഇന്ദ്രൻസ് കാഴ്ചവെച്ചത്. സൂപ്പർ താരമൊന്നും അല്ലാതിരുന്നിട്ട് കൂടി തന്റെ സൗമ്യമായ പെരുമാറ്റം കൊണ്ടും അഭിനയ മികവ് കൊണ്ടും വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കാൻ ഇന്ദ്രൻസിന് കഴിഞ്ഞിട്ടുണ്ട്. ഇന്ന് മലയാള സിനിമയിലെ തിരക്കുള്ള നടന്മാരിൽ ഒരാളാണ് അദ്ദേഹം.
സിനിമയിൽ ആദ്യം വസ്ത്രാലങ്കാര രംഗത്തേക്ക് എത്തിയ ഇന്ദ്രൻസ് അവിടെ നിന്നുമാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. അതിന് മുൻപ് തന്നെ നാടകത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ചിരുന്നു നടൻ. പിന്നീട് ദൂരദർശനിലെ സീരിയലിലൂടെ മിനി സ്ക്രീനിലും അവിടെ നിന്ന് വസ്ത്രാലങ്കാരം വിട്ട് ബിഗ് സ്‌ക്രീനിൽ ചുവടുറപ്പിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോഴിതാ, താൻ സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് ഇന്ദ്രൻസ് പറഞ്ഞതാണ് ശ്രദ്ധനേടുന്നത്. നാടകത്തിൽ അഭിനയിക്കുന്ന സമയത്തെ തന്റെ അനുഭവങ്ങളും നടൻ പങ്കുവയ്ക്കുന്നുണ്ട്. പണ്ട് അമൃത ടിവിയിലെ ആനീസ് കിച്ചൻ എന്ന പരിപാടിയിൽ അതിഥി ആയി എത്തിയപ്പോഴാണ് ഇന്ദ്രൻസ് ഇക്കാര്യങ്ങൾ പറഞ്ഞത്. ഇന്ദ്രൻസിന്റെ വാക്കുകളിലേക്ക്.
‘സിനിമയിലേക്ക് കേറാൻ വേണ്ടിയാണ് കോസ്റ്റും ഡിസൈനർ ആയത്. ചൂതാട്ടം എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നതിനിടെ അതിൽ പ്രവർത്തിക്കുന്ന ഒരു മോഹൻദാസ് ചേട്ടനാണ് അവർക്ക് സിനിമയ്ക്ക് ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വസ്ത്രം തയ്യ്ക്കാൻ പറ്റുന്ന ഒരാൾ വേണം. നിനക്കു കട ഒഴിവാക്കി വരാൻ പറ്റുമോ എന്ന് ചോദിക്കുന്നത്. ഞാൻ കുഴപ്പമില്ല എന്ന് പറഞ്ഞു പോയി. അങ്ങനെയാണ് സിനിമയിൽ എത്തുന്നത്,’
‘ഞാൻ അന്ന് നാടകം ഒക്കെ ചെയ്തു നടക്കുകയാണ്. അതിന്റെ സംവിധായകനും നിർമാതാവിനും ഇത് അറിയാമായിരുന്നു. അങ്ങനെ എനിക്ക് ചെറിയ വേഷമൊക്കെ തന്നു. കുതിരവട്ടം പപ്പുവിന് ഒപ്പമുള്ള ഒരു രംഗമായിരുന്നു. അതിൽ ഡബ്ബും ചെയ്തു. അന്ന് എന്റെ ശബ്ദം ഒരുമാതിരി കൂകുന്ന പോലത്തെ ശബ്ദമാണ്. അതുകൊണ്ട് ആയിരിക്കും എന്നെ തന്നെ വിളിച്ചത്,’
‘നാടകത്തിന് നീയൊക്കെ പേരുദോഷമാട എന്ന് പറഞ്ഞ ഒരു സമയമുണ്ടായിരുന്നു. ഞാനും കൂട്ടുകാരുമൊക്കെ കൂടി നാടകം ചെയ്യുമായിരുന്നു. സ്റ്റേജ്, കർട്ടൻ, മൈക്ക് സാധനങ്ങൾ ഒക്കെ അവിടെ കാണും ബാക്കി ഞങ്ങൾ ഒപ്പിച്ച് ചെയ്യും. നാടകത്തിലൊക്കെ നല്ല വേഷം കിട്ടാൻ ഞാൻ കുറെ നാടകങ്ങൾ നോക്കുകയൊക്കെ ചെയ്യുമായിരുന്നു. എന്നാൽ അവസാനം എനിക്ക് കിട്ടുന്നത് വേലക്കാരന്റെയോ വാച്ച്മാന്റെയോ ഒക്കെ വേഷമായിരിക്കും,’
‘അങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്താണ് ഞാൻ ഒരു കോമഡി കഥാപാത്രം പോലെ ആയത്. പിന്നെ കുറെ മത്സര നാടകങ്ങളിൽ ഒക്കെ പങ്കെടുത്തിട്ടുണ്ട്. കോമഡിയിലൂടെ എനിക്ക് തന്നെ കുറെ പൈസ കീട്ടുമായിരുന്നു. ഒരു നാടകത്തിൽ എനിക്ക് നല്ലൊരു വേഷം കിട്ടി. അത് അവാർഡൊക്കെ കിട്ടിയിട്ടുള്ള നാടകമായിരുന്നു. അതിന് നല്ല ക്ളൈമാക്സ് ആണ്,’
‘അത് ഒരിക്കൽ പാലോട് കളിക്കുമ്പോൾ, ക്‌ളൈമാക്‌സ് എത്തി. ഞാൻ ഷർട്ടൊന്നും ഇടാതെയാണ് അഭിനയിക്കുന്നത്. ആളുകൾക്ക് എന്റെ എല്ലൊക്കെ കാണാം. അവശനായ ഒരു വൃദ്ധൻ ആയിട്ടാണ്. ക്‌ളൈമാക്‌സ് ആയപ്പോൾ എല്ലാവരും ഭയങ്കര ചിരി. നായിക വന്ന് അച്ഛാ എന്ന് പറഞ്ഞു കരഞ്ഞു താഴോട്ട് എന്റെ കൽക്കലിലേക്ക് ഇരിക്കുന്നതാണ് രംഗം,’
‘ഈ പെണ്ണ് ഇരുന്ന കൂട്ടത്തിൽ എന്റെ മുണ്ടും കൂടി വലിച്ചോണ്ട് പോയി. ഞാൻ പിന്നെ തയ്യൽ അറിയുന്ന കൊണ്ട് നിറമുള്ള തുണിയിൽ ലവ് എംബ്ലം ഒക്കെ തുന്നിയുള്ള നിക്കാറാണ് അടിയിലിട്ടിരുന്നത്. ഞാൻ അങ് വല്ലാണ്ടായി. പിന്നെ ആ നാടകം ചെയ്തിട്ടില്ല. ആ നല്ല കഥാപാത്രം അതോടെ പോയി,’