ശബരിമല: നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി. തിങ്കളാഴ്ച പുലർച്ചെയോടെയാണ് ദിലീപ് സന്നിധാനത്ത് എത്തിയത്. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ കോടതി വെറുതെ വിട്ടിരുന്നു.
പുലർച്ചെയോടെ പിആർഒ ഓഫിസിലെത്തിയശേഷം തന്ത്രിയുടെ ഓഫീസിലെത്തി. കറുപ്പ് മുണ്ടും ഷർട്ടും ധരിച്ചാണ് ദീലീപ് എത്തിയത്. ഇരുമുടിക്കെട്ട് ഉണ്ടായിരുന്നില്ല. സുഹൃത്തുക്കളായ ചിലരാണ് ഒപ്പമുണ്ടായിരുന്നത്.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിന്റെ കൂപ്പൺ വിതരണോദ്ഘാടനത്തിൽനിന്ന് ദിലീപിനെ ഒഴിവാക്കിയത് വാർത്തയായിരുന്നു. ഉദ്ഘാടനത്തിന് ദിലീപിനെ ക്ഷണിച്ചതിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് ക്ഷേത്രഭരണസമിതിയുടെ തീരുമാനം.
കഴിഞ്ഞതവണ ദിലീപ് ശബരിമലയിൽ എത്തിയപ്പോൾ വിഐപി പരിഗണന നൽകിയിരുന്നു. പത്തുമിനിറ്റിലധികം ശ്രീകോവിലിന് മുമ്പിൽ ദിലീപ് ചെലവഴിച്ചത് വിവാദമായിരുന്നു. ഹൈക്കോടതിയടക്കം വിഷയത്തിൽ ഇടപെട്ട് വിമർശനമുന്നയിച്ചിരുന്നു.


