കൊച്ചി:റവന്യൂ വകുപ്പ് കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയ ഭൂമിയും റിസോര്‍ട്ടും പാട്ടത്തിന് നല്‍കി കബളിപ്പിച്ചുവെന്ന പരാതിയില്‍ നടന്‍ ബാബു രാജിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. കോതമംഗലം തലക്കോട് സ്വദേശി അരുണ്‍ കുമാറിന്റെ പരാതിയില്‍ അടിമാലി പൊലീസായിരുന്നു നടനെതിരെ നടപടിയെടുത്തത്. ബാബു രാജ് തന്നില്‍ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും വ്യവസായി ആരോപിച്ചിരുന്നു.
നടന്റെ കൈവശമുള്ള മൂന്നാര്‍ കമ്പിലൈനിലെ വൈറ്റ് മിസ്റ്റി മൗണ്ടന്‍ റിസോര്‍ട്ട് പാട്ടത്തിന് നല്‍കിയതുമായി ബന്ധപ്പെട്ടായിരുന്ന പാരതി. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് താരം.
യാതൊരു അടിസ്ഥാനവുമില്ലാത്ത പരാതിയാണ് അരുണ്‍ തനിക്കെതിരായി ഉന്നയിച്ചിരിക്കുന്നതെന്നാണ് ബാബുരാജ് വ്യക്തമാക്കുന്നത്. തന്റെ പേരിലുള്ള വൈറ്റ് മിസ് എന്ന റിസോട്ട് 2016 മുതല്‍ 2018 വരെ അരുണിന് വാടകയ്ക്ക് നല്‍കിയിരുന്നു. ഷൈജൻ എന്നൊരു പാർട്ണറുമായി ചേർന്നായിരുന്നു ഇദ്ദേഹം റിസോർട്ട് നടത്തിയിരുന്നത്. എന്നാല്‍ പിന്നീട് ഇവർ തമ്മില്‍ വേർപിരിയുകയും അത് റിസോർട്ട് നടത്തിപ്പിനെ മോശമായ രീതിയില്‍ ബാധിക്കുകയും ചെയ്തു. ഇതേ തുടർന്ന് അവരെ പറഞ്ഞ് വിടേണ്ടി വന്നുവെന്നും ബാബുരാജ് വ്യക്തമാക്കുന്നു.
പിന്നീട് 2020 ല്‍ റിസോർട്ട് നടത്തിപ്പ് ആവശ്യപ്പെട്ട് അരുണ്‍ വീണ്ടും സമീപിക്കുകയും വാടകയ്ക്ക് നല്‍കുകയും ചെയ്തു. റിസോർട്ടിന്റെ അറ്റകുറ്റപ്പണിയെല്ലാം നടത്തിയാണ് അയാൾക്കു നൽകിയത്. അതിനു ശേഷം കൊറോണയുടെ പേരുപറഞ്ഞ് ഇയാള്‍ വാടക തന്നിരുന്നു. മാത്രവുമല്ല അവിടുത്തെ സ്റ്റാഫിന് ശമ്പളം നല്‍കിയിരുന്നുമില്ല.
ഞാന്‍ ജോലിക്ക് വെച്ച ആളായതുകൊണ്ട് തന്നെ അവർക്ക് ഞാനാണ് പിന്നീട് ശമ്പളം കൊടുത്തത്. ഇക്കാരണങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഞാന്‍ തൊടുപുഴ കോടതിയില്‍ കേസ് കൊടുക്കുകയും അയാള്‍ക്കെതിരെ എവിക്‌ഷൻ ഓർഡർ വാങ്ങി ഇയാളെ പുറത്താക്കുകയും ചെയ്‌തു. നഷ്ടപരിഹാരമായി അയാളില്‍ നിന്നും ഒരു കോടി രൂപയായിരുന്നു താന്‍ ആവശ്യപ്പെട്ടതെന്നും ബാബുരാജ് മനോരമയോട് വ്യക്തമാക്കുന്നു.
റിസോർട്ട് നാമാവശേഷമാക്കിയതിനാലാണ് ഒരു കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. 14 ടിവി, ജനറേറ്റർ, ഫോണുകൾ, ബെഡ്ഷീറ്റുകൾ അടക്കം പല സാധനങ്ങളും അവിടെനിന്ന് നഷ്ടപ്പെട്ടിരുന്നു. ഇതോടൊപ്പമാണ് സ്റ്റാഫിന്റെ ശമ്പളവും ഞാന്‍ നല്‍കിയത്. ആ കേസ് അവിടെ നില്‍ക്കുമ്പോഴാണ് തനിക്കെതിരെ ഇപ്പോള്‍ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
നാമാവശേഷമായി റിസോർട്ട് ഞാന്‍ വീണ്ടും പണം മുടക്കി ശരിയാക്കിയെടുത്തു. 67 ലക്ഷം രൂപ അതിലേക്കായി ചിലവ് വന്നു. ഇത് കണ്ട ഇയാൾ വീണ്ടും എന്നെ സമീപിച്ച് അയാൾ മുടക്കിയ പണം തിരികെ കൊടുക്കണമെന്നു പറയുകയും പണം തന്നില്ലെങ്കില്‍ തനിക്കെതിരെ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാനം കെടുത്തുമെന്ന ഭീഷണിക്ക് മുമ്പില്‍ ഞാന്‍ വഴങ്ങുമെന്ന് അയാള്‍ തെറ്റിദ്ധരിച്ചു.
എന്നാല്‍ സത്യം പൂർണ്ണമായും തന്റെ ഭാഗത്തായതിനാല്‍ ഞാന്‍ വഴങ്ങിയില്ല. സിനിമാതാരവുമായ എന്നെ താറടിച്ചു കാണിച്ചാൽ അയാളുടെ വഴിക്ക് വരുമെന്നാണ് അയാൾ കരുതുന്നത്. അരുണ്‍ വാസ്തവ വിരുദ്ധമായ ആരോപണമാണ് ഉന്നയിക്കുന്നത്. എന്റെ റിസോർട്ടിന് ലൈസൻസും പൊല്യൂഷൻ സർട്ടിഫിക്കറ്റും വെള്ളത്തിന്റെ കണക്‌ഷനും എല്ലാമുണ്ടെന്നും ബാബുരാജ് കൂട്ടിച്ചേർക്കുന്നു.