EntertainmentKeralaNews

എത്ര പരിഹാസങ്ങള്‍, എത്ര അപവാദങ്ങള്‍; എന്നിട്ടും നിശബ്ദം; മഞ്ജുവാര്യര്‍ക്ക് തൊപ്പിയൂരി സലാം-കുറിപ്പ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ തന്നെ ശക്തമായ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് മഞ്ജു വാര്യര്‍. സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഡാലോചനയുണ്ടെന്ന് ആദ്യമായി പരസ്യമായി ആരോപിച്ചതും താരമായിരുന്നു. പിന്നീട് കേസില്‍ ദിലീപ് പ്രതിചേര്‍ക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മുന്‍ഭാര്യകൂടിയായ മഞ്ജുവാര്യറുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇതിനിടയില്‍ മറുവശത്ത് മഞ്ജു വാര്യറെക്കുറിച്ച് മോശം പ്രതിച്ഛായ സൃഷ്ടിക്കാനുള്ള ശ്രമങ്ങളും തകൃതിയായി നടന്ന് വരുന്നുണ്ടായിരുന്നു. അതിന്റെ വ്യക്തമായ തെളിവുകള്‍ അടുത്തിടെ പുറത്ത് വരികയും ചെയ്തു.

എന്നാല്‍ ഇതിനോടൊന്നും പ്രതികരിച്ചാന്‍ മഞ്ജു വാര്യര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഈ അവസരത്തിലാണ് മഞ്ജുവിനെക്കുറിച്ച് ശ്രീചിത്തിരന്‍ എംജെ എഴുതിയ ഒരു കുറിപ്പ് സമൂമാധ്യമങ്ങളില്‍ വൈറലാവുന്നത്. നിശ്ശബ്ദതയ്ക്ക് ആഴമേറിയ ധ്വനിമൂല്യമുണ്ട്. മഞ്ജുവാര്യര്‍ എന്ന സ്ത്രീയെ ഞാനതിനാല്‍ ആദരവെന്ന പദത്തിന്റെ സമ്പൂര്‍ണ്ണാര്‍ത്ഥത്തില്‍ ആദരിക്കുന്നുവെന്നാണ് ശ്രീചിത്തിരന്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ

നിശ്ശബ്ദതയ്ക്ക് ആഴമേറിയ ധ്വനിമൂല്യമുണ്ട്. മഞ്ജുവാര്യര്‍ എന്ന സ്ത്രീയെ ഞാനതിനാല്‍ ആദരവെന്ന പദത്തിന്റെ സമ്പൂര്‍ണ്ണാര്‍ത്ഥത്തില്‍ ആദരിക്കുന്നു. ആണ്‍കോയ്മയുടെ തുറുങ്കിലകപ്പെട്ട സമൂഹത്തിന് ഒരു സ്ത്രീക്കു നേരെ ഉന്നയിക്കാവുന്ന ആരോപണങ്ങളെന്തെല്ലാമുണ്ട്? അവിഹിതം, അഗമ്യഗമനം, മദ്യപാനം, അനുസരണാരാഹിത്യം, ധനമോഹം, കുടുംബസ്‌നേഹനിരാസം, നിരുത്തവാദിത്തം, മാതൃത്വകളങ്കം – ഇങ്ങനെ എന്തെല്ലാം നല്‍കാമോ അതെല്ലാം ഈ സ്ത്രീക്കു മുകളില്‍ കോരിച്ചൊരിഞ്ഞു കഴിഞ്ഞിരിക്കുന്നു.

എണ്ണമില്ലാത്ത അന്തിച്ചര്‍ച്ചകളിലും ആണത്തപ്പടപ്പുകളിലും പരിഹസിക്കപ്പെട്ടിരിക്കുന്നു. മുന്‍പങ്കാളിയുടെ ആണൂളപ്പട നിഘണ്ടു തന്നെ ഈയൊരു സ്ത്രീക്കായി തെറിയാല്‍ പുനര്‍നിര്‍മ്മിച്ചിരിക്കുന്നു. ഊഹങ്ങളും അഭ്യൂഹങ്ങളും കൊണ്ട് ചുറ്റും മലീമസമാക്കിയിരിക്കുന്നു. എന്നിട്ടും,
എന്നിട്ടും ഈ സ്ത്രീ നിശ്ശബ്ദയായിരിക്കുന്നു.

ശരിയാണ്, നിങ്ങള്‍ക്കു പറയാം – പ്രതികരിക്കുകയാണ് അനീതിക്കെതിരെയുള്ള അഭിമാനകരമായ മാര്‍ഗം. മനുഷ്യാന്തസ്സിനേല്‍ക്കുന്ന പ്രഹരങ്ങള്‍ക്കെതിരെ നേര്‍ക്കുനേര്‍ മറുപടികളാണ് ആര്‍ജ്ജവത്തിന്റെ ലക്ഷണം. എല്ലാം ശരിയാണ്. എന്നാല്‍, വ്യക്തിയുടെ സ്വകാര്യതയെ വില്‍പ്പനച്ചരക്കാക്കുന്ന മാധ്യമീകൃത ലോകത്ത് നിശ്ശബ്ദതക്ക് ആഴമേറിയ ധ്വനിമൂല്യമുണ്ട്.

എന്റെ സ്വകാര്യത എനിക്കു താല്‍പര്യമില്ലാത്തിടത്തോളം നിങ്ങളോടു ഞാനെന്തിന് പങ്കുവെക്കണം? എന്റെ ഡയറി വായിക്കാന്‍ കിട്ടണമെന്നു വാശി പിടിക്കാന്‍ നിങ്ങളാരാണ്? സ്വകാര്യതയുടെ രാഷ്ട്രീയമെന്തെന്നറിയാത്ത നിങ്ങളോട് എന്നെ തുറന്നുവെക്കാന്‍ എനിക്കെന്തു ബാദ്ധ്യതയുണ്ട്? ഈ ചോദ്യങ്ങള്‍ പോലും ചോദിക്കേണ്ടതില്ല. മൗനത്തില്‍ ഈ ചോദ്യങ്ങള്‍ എല്ലാം ഉള്ളടങ്ങുന്നു.

മൗനമെപ്പൊഴും മൗനമല്ല. വാചാലതയെ കീറിമുറിക്കുന്ന ആയുധമായും മൗനം പ്രവര്‍ത്തിക്കും. ആത്മവിമര്‍ശനത്തിന്റെ കണ്ണാടിക്കു മുന്നില്‍ മാത്രം വാചാലമാകാനുള്ള കരുത്താര്‍ജ്ജിച്ചവരുടെ മൗനം ലക്ഷോപലക്ഷം അക്ഷരമാലയേക്കാള്‍ അഭിമാനകരമാണ്.
മൗനത്തിന്റെ രാജകുമാരീ, നിനക്ക് തൊപ്പിയൂരി സലാം.

മഞ്ജു വാര്യര്‍ക്ക് പിന്തുണയുമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിയ്ക്കുന്ന മറ്റൊരു കുറിപ്പും വൈറലായി മാറിയിരിയ്ക്കുകയാണ്.

സിന്‍സി അനിലിന്റെ കുറിപ്പ് വായിക്കാം: ” സ്‌നേഹത്തിന്റെ പേരില്‍ കൈ പിടിച്ചവനെ വിശ്വസിച്ച് കലാജീവിതവും ഉപേക്ഷിച്ചു അവന്റെ ഭാര്യ ആയി ജീവിക്കാന്‍ തീരുമാനിച്ചു ഇറങ്ങിയൊരു പെണ്ണ്…. ഭര്‍ത്താവിന്റെ കുടുംബത്തിന് വേണ്ടി കൈയടികളുടെയും അവാര്‍ഡുകളുടെയും ലോകത്തു നിന്നും അടുക്കളയിലേക്ക് അരങ്ങേറിയവള്‍… സ്‌നേഹിച്ചവനില്‍ നിന്നും ലഭിച്ച കണ്മണിയെ പൊന്നു പോലെ വളര്‍ത്തി വലുതാക്കിയവള്‍… തനിക്ക് നഷ്ടമായത് തന്റെ മകളിലൂടെ നേടണമെന്നു സ്വപ്‌നം കണ്ടവള്‍… അതിനായി ഊണിലും ഉറക്കത്തിലും മകള്‍ക്കു താങ്ങായി നടന്നവള്‍…

വലിയൊരു ചതി നടക്കുന്നു എന്ന് ലോകം മുഴുവനും അറിഞ്ഞിട്ടും ഭര്‍ത്താവിനെ അവിശ്വസിക്കാതിരുന്നവള്‍… ഭര്‍ത്താവിന്റെ ഫോണിലേക്ക് കാമുകിയുടെ സന്ദേശങ്ങള്‍ വരുന്നത് കണ്ടു ചേമ്പില താളിലെ വെള്ളം ഊര്‍ന്നു പോകുന്നത് പോലെ അത്രയും കാലം തന്റെ സമ്പാദ്യം എന്ന് കരുതിയ ജീവിതം കൈയില്‍ നിന്നും ഒഴുകി പോകുന്നത് മരവിപ്പോടെ കണ്ടു നിന്നവള്‍…. എന്റെ ജീവിതം.. എന്റെ ഭര്‍ത്താവ്… എന്റെ കുടുംബം…എനിക്ക് തിരികെ വേണമെന്ന് കരഞ്ഞു യാചിച്ചവള്‍…

അവസാനം, തനിക്ക് നേരെ വച്ചു നീട്ടുന്ന ജീവിതം മറ്റൊരുത്തിയുടെ ഔദാര്യമാണെന്ന് തിരിച്ചറിഞ്ഞു താലി ഊരി വച്ചു ആത്മാഭിമാനത്തോടെ തല ഉയര്‍ത്തി ഇറങ്ങി പോന്നവള്‍… വട്ട പൂജ്യത്തില്‍ നിന്നും ജീവിതം തിരികെ പിടിക്കാന്‍ ഇറങ്ങുമ്പോള്‍ സമ്പന്നതയില്‍ നിന്നും ഒന്നുമില്ലായ്മയിലേക്ക് തന്റെ മകളെ കൂടി വലിച്ചിടരുതെന്നു ആഗ്രഹിച്ചവള്‍…. വേര്‍പിരിയലിനു കാരണം തിരക്കിയവരെ മൗനം കൊണ്ട് നേരിട്ടവള്‍… തന്റെ മകളുടെ അച്ഛന്‍ ഒരിടത്തും അപമാനിക്കപെടരുത് എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചവള്‍….

ഒരിടത്തു പോലും അയാളെ കുറിച്ചൊരു മോശം വാക്ക് നാവില്‍ നിന്നും അറിയാതെ പോലും വീഴാതിരിക്കാന്‍ ശ്രദ്ധിച്ചവള്‍… തന്റെ കഴിവുകളില്‍ ഉള്ള ആത്മവിശ്വാസം കൊണ്ട് മാത്രം ജീവിതത്തോട് പൊരുതിയവള്‍… ഒരു സ്ത്രീ ചവിട്ടാവുന്ന കനലുകള്‍ എല്ലാം ചവിട്ടി കയറി പൊരുതി നേടിയവള്‍… സഹപ്രവര്‍ത്തകയ്ക്ക് ഉണ്ടായ ആക്രമണത്തില്‍ കോടതി മുറിയില്‍ കഴിഞ്ഞു പോയ തന്റെ ദാമ്പത്യ ജീവിതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ആവുന്നത്ര ശ്രമിച്ച വക്കീലന്മാരുടെ മുന്നില്‍ സമനില നഷ്ടപ്പെടാതെ പിടിച്ചു നിന്നവള്‍…

ആരോപണങ്ങള്‍ അമ്പുകളായി കോടതി മുറിയില്‍ നെഞ്ചും കൂടിനെ തകര്‍ത്തിട്ടും സഹപ്രവര്‍ത്തകയ്ക്ക് വേണ്ടി തനിക്കറിയാവുന്ന സത്യങ്ങള്‍ തുറന്നു പറഞ്ഞു അഭിമാനം ആയവള്‍… 5 വര്‍ഷക്കാലം ഒരു call കൊണ്ട് പോലും മകളുടെ സാമീപ്യം നിഷേധിക്കപ്പെട്ട തന്റെ മുന്നില്‍ കോടതിയിലെ വിചാരണയുടെ തലേദിവസം മാത്രം അച്ഛനെതിരെ മൊഴി കൊടുക്കരുതെന്ന ആവശ്യവുമായി വന്ന മകളുടെ മുന്നില്‍ പതറാതെ നിന്നവള്‍…. ഇന്നത്തെ സ്ത്രീകള്‍ക്ക് പ്രചോദനവും രോമാഞ്ചവും ആയി ഉയര്‍ന്നു പറക്കുന്നവള്‍…

ആ അവളെയാണ് മദ്യപാനിയും അവിഹിത ബന്ധക്കാരിയും മകളെ നോക്കാതെ സ്വന്തം ഇഷ്ടപ്രകാരം നടക്കുന്ന സ്ത്രീയുമായി ഈ കാലമത്രയും അപമാനിക്കാന്‍ ശ്രമിച്ചത്… അവള്‍ക്കു കാലം കാത്ത് വച്ച നീതിയാണ്… ഇപ്പോള്‍ പുറത്തേക്ക് വരുന്ന ജീര്‍ണിച്ച കഥകള്‍… നുണകളുടെ എത്ര വലിയ ചില്ല് കൊട്ടാരം പണിതാലും അത് ഒരുനാള്‍ തകര്‍ന്നു വീഴുക തന്നെ ചെയ്യും.. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ല എന്നത് പ്രപഞ്ചസത്യം. ഇനിയും ഉയര്‍ന്നു പറക്കുക പ്രിയപെട്ടവളെ… കാലം നിന്നെ ഇവിടെ അടയാളപ്പെടുത്തട്ടെ…”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker