സൂറത്ത്: ലെജന്‍ഡ്സ് ക്രിക്കറ്റ് ലീഗിനിടയിലെ വിവാദങ്ങളുടെ പേരിൽ മലയാളി താരം ശ്രീശാന്തിന് നോട്ടിസ്. എൽഎൽസി കമ്മിഷണറാണ് ശ്രീശാന്തിനു ലീഗൽ നോട്ടിസ് അയച്ചത്. ശ്രീശാന്ത് ലെജൻഡ്സ് ക്രിക്കറ്റ് ലീഗ് കരാർ ലംഘിച്ചെന്നാണു നോട്ടിസിൽ പറയുന്നത്. ലീഗിൽ കളിക്കുന്ന മറ്റൊരു താരത്തിനെതിരായ വിഡിയോകൾ നീക്കം ചെയ്താൽ മാത്രമാണ് ശ്രീശാന്തുമായി തുടർ ചർച്ചകൾ നടത്തുകയെന്നും എൽഎൽസി കമ്മിഷണർ നോട്ടിസിൽ വ്യക്തമാക്കി.
വിവാദത്തിൽ അംപയർമാരും സംഘാടകർക്കു റിപ്പോർട്ട് നൽകിയിരുന്നു. അതേസമയം ഗംഭീർ ‘ഒത്തുകളിക്കാരൻ’ എന്നു വിളിച്ചെന്ന ശ്രീശാന്തിന്റെ ആരോപണത്തെപ്പറ്റി റിപ്പോർട്ടിൽ എവിടെയും പരാമര്‍ശമില്ല. ലീഗ് മത്സരത്തിനിടെ ഗുജറാത്ത് ജയന്റ്സ് താരമായ ശ്രീശാന്തും ഇന്ത്യ ക്യാപിറ്റൽസിന്റെ ഗൗതം ഗംഭീറും ഗ്രൗണ്ടിൽവച്ച് തർക്കിച്ചിരുന്നു. ശ്രീശാന്തിന്റെ പന്തുകളിൽ ഗംഭീർ സിക്സും ഫോറും അടിച്ചതിനു പിന്നാലെ താരം ഗംഭീറിനെ തുറിച്ചു നോക്കിയിരുന്നു.
തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഗംഭീർ തന്നെ ഒത്തുകളിക്കാരനെന്നു വിളിച്ചതായാണു ശ്രീശാന്തിന്റെ പരാതി. ഒത്തുകളിക്കാരനെന്ന് എങ്ങനെ പറയാനാകുമെന്നു ശ്രീശാന്ത് ഗ്രൗണ്ടിൽവച്ചു ചോദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ ഗൗതം ഗംഭീർ വലിയ പ്രതികരണങ്ങൾ നടത്താതിരുന്നപ്പോൾ, ശ്രീശാന്ത് ഇൻസ്റ്റഗ്രാമിൽ തുടർച്ചയായി വിഡിയോകൾ അപ്‍ലോഡ് ചെയ്തിരുന്നു. ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിയും താരത്തെ പിന്തുണച്ചു രംഗത്തെത്തി.
ഗംഭീർ സ്ഥിരം പ്രശ്നക്കാരനാണെന്നും സേവാഗ് ഉൾപ്പെടെയുള്ള സീനിയർ താരങ്ങളെ ബഹുമാനിക്കാറില്ലെന്നും ശ്രീശാന്ത് ഇൻസ്റ്റഗ്രാം വിഡിയോയില്‍ ആരോപിച്ചിരുന്നു. ‘‘ഞാന്‍ ഒരു മോശം വാക്കും ഉപയോഗിച്ചിട്ടില്ല. ദയവായി സത്യത്തോടൊപ്പം നിൽക്കുക. കുറേയാളുകളോട് അദ്ദേഹം അങ്ങനെ ചെയ്തിട്ടുണ്ട്. എന്തിനാണു പ്രശ്നം തുടങ്ങിയതെന്ന് എനിക്ക് ഇപ്പോഴും വ്യക്തമല്ല.
ഗംഭീർ സിക്സർ, സിക്സർ എന്നാണു പറഞ്ഞതെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ പറയുന്നുണ്ട്. എന്നാൽ ഫിക്സർ എന്നു തന്നെയാണ് എന്നെ വിളിച്ചത്.’’– ശ്രീശാന്ത് വ്യക്തമാക്കി. ശ്രീശാന്തിന്റെ വിഡിയോകൾ വന്‍ ചര്‍ച്ചയായതോടെയാണ് ലെജൻഡ്സ് ക്രിക്കറ്റ് ലീഗ് സംഘാടകരുടെ നടപടി.