NationalNews

ആസിഡ് ആക്രമണം: 3 പെണ്‍കുട്ടികൾക്ക് 4 ലക്ഷം വീതം; ചികിത്സയ്ക്ക് 20 ലക്ഷം

മംഗളൂരു∙ കർണാടകയിൽ മലയാളി യുവാവിന്റെ ആസിഡ് ആക്രമണത്തിന് ഇരകളായ മൂന്നു വിദ്യാർഥികൾക്കും സംസ്ഥാന സർക്കാർ 4 ലക്ഷം രൂപ വീതം നൽകുമെന്നു വനിതാ കമ്മിഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരി. ഇതിനു പുറമേ, ആക്രമണത്തിന് ഇരകളായ പെൺകുട്ടികളുടെ ചികിത്സയ്ക്കായി 20 ലക്ഷം രൂപ വേറെയും അനുവദിച്ചതായി അവർ അറിയിച്ചു. ആക്രമണത്തിന് ഇരകളായ പെൺകുട്ടികളെ ആശുപത്രിയിൽ എത്തി സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു നാഗലക്ഷ്മി.

ആക്രമണത്തിന് ഇരകളായ പെൺകുട്ടികൾ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഒരു പെൺകുട്ടിക്ക് 20 ശതമാനവും രണ്ടു പേർക്ക് 10 ശതമാനം വീതവുമാണ് പൊള്ളൽ. ഇവരുടെ പരുക്കുകൾ ഭേദമായ ശേഷമാകും പ്ലാസ്റ്റിക് സർജറി ഉൾപ്പെടെയുള്ള കാര്യങ്ങളി‍ൽ തീരുമാനമെടുക്കൂവെന്നും അവർ വ്യക്തമാക്കി. സംഭവത്തിൽ പിടിയിലായ മലപ്പുറം നിലമ്പൂർ സ്വദേശി അബിൻ ഷിബി (23) പൊലീസ് കസ്റ്റഡിയിലാണ്. തിരിച്ചറിയൽ പരേഡ് ഉൾപ്പെടെ നടത്തേണ്ടതിനാൽ ഇയാളുടെ മറ്റു വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

പ്ലസ്ടുവിന് തത്തുല്യമായ പിയുസി സെക്കൻഡ് വിദ്യാർഥികളാണ് തിങ്കളാഴ്ച ആസിഡ് ആക്രമണത്തിന് ഇരകളായത്. യൂണിഫോം ധരിച്ച് ബൈക്കിൽ സ്കൂളിലെത്തിയ ശേഷമാണ് അബിൻ ആക്രമണം നടത്തിയത്. പെൺകുട്ടികളിൽ ഒരാൾ പ്രണയാഭ്യർഥന നിരസിച്ചതാണ് ആക്രമണത്തിനു കാരണമെന്നാണ് പൊലീസ് പറയുന്നത്.

ഈ പെൺകുട്ടിയുടെ അമ്മ വീട് പ്രതിയുടെ വീടിനു സമീപമാണെന്നാണ് വിവരം. ഈ പരിചയമാകാം പ്രണയാഭ്യർഥനയിലേക്കും പ്രശ്നങ്ങളിലേക്കും എത്തിയതെന്നും പറയുന്നു. ഈ പെൺകുട്ടിയെയാണ് പ്രതി ലക്ഷ്യമിട്ടതെങ്കിലും ഒപ്പമുണ്ടായിരുന്ന രണ്ടു പേർക്കു കൂടി പരുക്കേറ്റു.

ആസിഡ് ആക്രമണത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച അബിനെ, പെൺകുട്ടികളുടെ സഹപാഠികൾ ചേർന്ന് തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് പൊലീസ് എത്തി അബിനെ കസ്റ്റഡിയിലെടുത്തു. പ്രതിയെ രക്ഷപ്പെടാൻ അനുവദിക്കാതെ തടഞ്ഞുവച്ച് പൊലീസിനു കൈമാറിയ വിദ്യാർഥികൾക്ക് തക്കതായ ഉപഹാരം നൽകുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button