കൊട്ടാരക്കര: സോളർ ഗൂഢാലോചന കേസിൽ പ്രതികളായ കെ.ബി. ഗണേഷ്‌കുമാർ എംഎൽഎയ്ക്കും സോളർ കേസിലെ പരാതിക്കാരിക്കും കോടതിയുടെ താക്കീത്. കേസ് ഇന്നു കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി പരിഗണിച്ചപ്പോൾ ഇരുവരും ഹാജരായിരുന്നില്ല.
പ്രതികൾ നിയമത്തിന് വിധേയരാകണമെന്നും വെളിയിൽനിന്നുള്ള കളി വേണ്ടെന്നും കോടതി വാക്കാൽ പറഞ്ഞു. കേസ് ഡിസംബർ 6 ലേക്കു മാറ്റി. കോടതിയിൽ കേസ് പരിഗണിക്കുമ്പോൾ ഗണേഷ് കുമാർ കൊട്ടാരക്കരയിൽ തന്നെ മറ്റൊരു പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു.
സോളര്‍ കമ്മിഷന് മുന്നില്‍ പരാതിക്കാരി ഹാജരാക്കിയ കത്തില്‍ കൃത്രിമത്വം നടത്തിയെന്ന ഹര്‍ജിയില്‍ കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു.
ഇതിനെതിരെ ഗണേഷ് കുമാർ ഹൈക്കോടതിയെ സമീപിച്ച് ആദ്യം സ്റ്റേ നേടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി തയാറായില്ല. സ്റ്റേ നീങ്ങിയതോടെയാണ് ഗണേഷ് കുമാർ നേരിട്ട് ഹാജരാകേണ്ട സാഹചര്യം ഉടലെടുത്തത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആത്മാവിനു നീതി ലഭിക്കണമെങ്കിൽ സോളർ കത്ത് കേസ് റദ്ദാക്കാതെ മുന്നോട്ടുപോകണമെന്നു ഹൈക്കോടതി നിർദേശിച്ചു. ആരോപണങ്ങൾ തെറ്റാണെങ്കിൽ ഗണേഷ്കുമാറിന്റെ സത്യസന്ധത തെളിയിക്കപ്പെടുമെന്നും കോടതി പറഞ്ഞു. സോളർ പീഡനക്കേസിലെ പരാതിക്കാരിയുടെ കത്തിൽ ഉമ്മൻ ചാണ്ടിയുടെയും മറ്റും പേരുകൾ പിന്നീട് എഴുതിച്ചേർത്തതാണെന്ന് ആരോപിച്ചുള്ളതാണു കേസ്