സുഹൃത്തിനെ വെട്ടിക്കൊന്ന് വീടിന് പിന്നിൽ കുഴിച്ചുമൂടി; പ്രതിക്ക് ജീവപര്യന്തം തടവ്

തൊടുപുഴ: സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. ഛത്തീസ്ഗഡുകാരനായ ഗദൂറിനെ (45) കൊന്ന് കുഴിച്ചുമൂടിയ കേസില്‍ ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന ഛത്തീസ്ഗഡ് സ്വദേശിയായ ദേവചരണിനാണ് (55) തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്.എസ്. സീന ശിക്ഷ വിധിച്ചത്.

2021 ജൂലൈ ഏഴിനാണ് കേസിനാസ്പദമായ സംഭവം. മമ്മട്ടിക്കാനാത്തെ ഏലത്തോട്ടത്തിലുള്ള കെട്ടിടത്തില്‍വച്ച് പ്രതി ഗദൂറിനെ തൂമ്പാകൊണ്ട് തലയിലും കഴുത്തിലും വെട്ടി കൊലപ്പെടുത്തിയശേഷം വീടിന്റെ പിന്നില്‍ കുഴിച്ചുമൂടുകയായിരുന്നു.

നിര്‍ണായകമായത് ഒപ്പം ജോലി ചെയ്തിരുന്ന ഛത്തിസ്ഗഡ് സ്വദേശി ബലേഷിന്റെ (30) സാക്ഷി മൊഴിയായിരുന്നു. കൂട്ടുകാര്‍കൂടി മദ്യപിക്കുന്നതിനിടെയായിരുന്നു ഗദൂറിനെ കൊന്നത്. ബന്ധുക്കളായിരുന്ന ഇരുവരും തമ്മില്‍ നാട്ടിലെ സ്വത്തിന്റെ പേരില്‍ വഴക്കുണ്ടാവുകയായിരുന്നു. കൊലപാതകത്തെ തുടര്‍ന്ന് പേടിച്ച് നാട്ടിലേക്ക് പോയ ബലേഷിനെ രാജാക്കാട് പോലീസ് ഛത്തിസ്ഗഡിലെത്തിയാണ് കണ്ടെത്തിയത്. രണ്ടുമാസത്തെ അന്വേഷണത്തിനൊടുവിലാണ് കമലാപ്പൂര്‍ ബന്‍ദോളിയില്‍ നിന്നും ബലേഷിനെ കണ്ടെത്താനായത്.

രാജാക്കാട് എസ്എച്ച്ഒ ആയിരുന്ന എച്ച്.എല്‍. ഹണി, ബി. പങ്കജാക്ഷന്‍ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോണി അലക്സ് ഹാജരായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News