പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി വീണ്ടും ഇതേ കുറ്റത്തിന് പിടിയില്‍

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി വീണ്ടും ഇതേ കുറ്റത്തിന് പിടിയിലായി. കായംകുളം കാര്‍ത്തികപ്പള്ളി പെരിങ്ങാല കരിമുട്ടം കോട്ടൂര്‍ പടിഞ്ഞാറ്റേതില്‍ കണ്ണന്‍ എന്നുവിളിക്കുന്ന ലാലു കൃഷ്ണന്‍(23) ആണ് പന്തളം പോലീസിന്റെ പിടിയിലായത്.

ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നാലുമാസം റിമാന്‍ഡിലായിരുന്നു ഇയാള്‍.

പതിനേഴുകാരിയെ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട് അതേ കുറ്റംചെയ്തതിനാണ് വീണ്ടും അറസ്റ്റിലായത്. ഒക്ടോബര്‍ 11-ന് രാവിലെ പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കാണാതായെന്ന് അമ്മ പന്തളം പോലീസില്‍ പരാതി നല്‍കിയിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവാവിന്റെ വീട്ടില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയിരുന്നു.

പന്തളം എസ്.എച്ച്.ഒ. എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അന്വേഷണസംഘത്തില്‍ എസ്.ഐ.മാരായ സുരേന്ദ്രന്‍ പിള്ള, നജീബ്, സീനിയര്‍ സി.പി.ഒ.മാരായ നാദിര്‍ഷാ, ശരത്, സി.പി.ഒ.മാരായ കൃഷ്ണദാസ്, എസ്.അന്‍വര്‍ഷാ എന്നിവരും ഉണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News