തിരുവനന്തപുരം: അമ്മയില്‍നിന്നും കുഞ്ഞിനെ മാറ്റിയ കേസിലെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യപേക്ഷയുമായി കോടതിയില്‍. കുഞ്ഞിന്റെ അമ്മയായ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത ഉള്‍പ്പെടെ ആറ് പേരാണ് ജാമ്യപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. ജാമ്യാപേക്ഷ 28ന് കോടതി പരിഗണിക്കും. പോലീസ് നിലപാടറിയിക്കാന്‍ കോടതിയുടെ നിര്‍ദേശം നല്‍കി.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19നാണ് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവിച്ച് മൂന്നാം ദിവസം ബന്ധുക്കള്‍ വന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു മുന്‍ എസ്എഫ്‌ഐ നേതാവ് അനുപമയുടെ പരാതി. സഹോദരിയുടെ വിവാഹം കഴിഞ്ഞ് കുട്ടിയെ തിരിച്ചേല്‍പിക്കാം എന്ന് അച്ഛനും അമ്മയും പറഞ്ഞിരുന്നു.
കുഞ്ഞിനെ തന്റെ ബന്ധുക്കള്‍ എടുത്തുകൊണ്ടുപോയെന്ന് കാണിച്ച് കഴിഞ്ഞ ഏപ്രില്‍ 19ന് അനുപമ പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ആറ് മാസത്തിന് ശേഷമാണ് പോലീസ് കേസെടുത്തത്. സംഭവത്തില്‍ വകുപ്പ് തല അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടിരുന്നു.
എന്നാല്‍ എഴുതിക്കിട്ടിയ പരാതിയിലേ നടപടി എടുക്കാനാകൂ എന്നായിരുന്നു സിഡബ്ല്യുസി ചെയര്‍പേഴ്‌സന്റെ വാദം. ഇത് മന്ത്രി തള്ളിയിരുന്നു. പോലീസ് ശിശുക്ഷേമ സമിതിയില്‍ വിവരങ്ങള്‍ തേടിയെങ്കിലും ദത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് സമിതി മറുപടി നല്‍കുകയായിരുന്നു. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിരുന്നു.
തന്റെ കുഞ്ഞിനെ നഷ്ടമായ സംഭവത്തില്‍ സിപിഎം നേതാക്കളുടെ ഇടപെടലുണ്ടെന്നാണ് അനുപമ ആരോപിക്കുന്നത്. അജിത്തുമായി പ്രണയത്തിലായത് മുതല്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നുവെന്നും ഗര്‍ഭിണിയായപ്പോള്‍ മുതല്‍ കുട്ടിയെ നശിപ്പിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചിരുന്നുവെന്നും അനുപമ വെളിപ്പെടുത്തിയിരുന്നു.