പോലീസുകാരെ ആക്രമിച്ച് കൊലക്കേസ് പ്രതി; വെടിവെച്ച് വീഴ്ത്തി വനിത എസ്.ഐ

ചെന്നൈ: പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ശ്രമിച്ച റൗഡിയെ കാലില്‍ വെടിവെച്ചുവീഴ്ത്തി പിടികൂടി വനിത എസ്.ഐ. മൂന്ന് കൊലപാതകക്കേസുകള്‍ ഉള്‍പ്പെടെ 14 കേസുകളില്‍ പ്രതിയായ എസ്.രോഹിത് രാജിനെയാണ് (34) ടി.പി. ഛത്രം എസ്.ഐ. കലൈസെല്‍വി സാഹസികമായി പിടികൂടിയത്.

ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ശരവണകുമാറിനെയും പ്രദീപിനെയും ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴായിരുന്നു ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന കലൈസെല്‍വി രോഹിതിന്റെ കാലിന് നേരേ വെടിവെച്ചത്.

ബി.എസ്.പി. സംസ്ഥാന അധ്യക്ഷന്‍ കെ.ആംസ്ട്രോങ്ങിന്റെ കൊലപാതകത്തെത്തുടര്‍ന്നാണ് ഒളിവില്‍ കഴിയുന്ന റൗഡികളെ പിടികൂടാന്‍ പോലീസ് നടപടി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി രോഹിത് രാജിനായും തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.

കില്‍പ്പോക്കുള്ള പഴയ സെമിത്തേരിയില്‍ ഇയാളുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കലൈസെല്‍വിയുടെ നേതൃത്വത്തിലുള്ള സംഘം അവിടേക്ക് തിരിക്കുകയായിരുന്നു. പോലീസ് തന്നെ വളഞ്ഞുവെന്ന് തിരിച്ചറിഞ്ഞ രോഹിത് രാജ് കൈയിലുണ്ടായ ബിയര്‍ കുപ്പി പൊട്ടിച്ച് അത് ഉപയോഗിച്ച് കോണ്‍സ്റ്റബിള്‍മാരെ അക്രമിക്കുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു.

ഇതോടെ കലൈസെല്‍വി ഇയാള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും വെടിവെയ്ക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.വെടിയേറ്റ് വീണ രോഹിത്തിനെ കില്‍പ്പോക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവസരോചിതമായി ഇടപ്പെട്ടു പ്രതിയെ പിടികൂടിയതിന് കലൈസെല്‍വിയെ സിറ്റി പോലീസ് കമ്മിഷണല്‍ എ.അരുണ്‍ അനുമോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News