Home-bannerKeralaNewsRECENT POSTS

ഒന്നര വയസുകാരനെ കൊലപ്പെടുത്തിയത് ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവില്‍; കൊല നടത്തിയത് കാമുകനുമൊത്ത് ജീവിക്കാന്‍

കണ്ണൂര്‍: കണ്ണൂരില്‍ ഒന്നരവയസുള്ള കുഞ്ഞിനെ ഇരുപത്തിയൊന്നുകാരിയായ അമ്മ കൊലപ്പെടുത്തിയത് ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവില്‍. ഭര്‍ത്താവിനെ പ്രതിയാക്കിയ ശേഷം കാമുകനൊപ്പം കഴിയാന്‍ വേണ്ടിയാണ് കൃത്യം നിര്‍വ്വഹിച്ചത്. എന്നാല്‍ ഫോറന്‍സിക് പരിശോധനാ ഫലം കൂടി എതിരായതോടെ ശരണ്യയുടെ കണക്കുകൂട്ടല്‍ തെറ്റി. മൂന്ന് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ശരണ്യ ഭര്‍ത്താവിന്റെ സുഹൃത്തായ നിധിനുമായി അടുക്കുന്നത്. ഭര്‍ത്താവ് പ്രണവ് ഗള്‍ഫിലായിരുന്നു. തിരിച്ച് നാട്ടിലെത്തിയ പ്രണവ് ഈ ബന്ധമറിഞ്ഞതിനെ തുടര്‍ന്ന് ശരണ്യയുമായി അകന്നു. മൂന്ന് മാസമായി ശരണ്യ തയ്യിലിലെ സ്വന്തം വീട്ടിലാണ് കഴിയുന്നത്. ഭര്‍ത്താവിനെയും കുഞ്ഞിനെയും ഒഴിവാക്കി നിധിനൊപ്പം ജീവിക്കുകയായിരുന്നു ശരണ്യയുടെ ലക്ഷ്യം. കൊലപാതകം ആസൂത്രണം ചെയ്ത ശേഷം ഞായറാഴ്ച ഭര്‍ത്താവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി. കുഞ്ഞിന്റെ കൊലപാതകത്തില്‍ ഭര്‍ത്താവിനെ പ്രതിയാക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍.

പുലര്‍ച്ചെ മൂന്ന് മണിയോടെ പ്രണവിനൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ എടുത്ത് വീടിന്റെ പിറക് വശത്ത് കൂടി കടപ്പുറത്തേക്ക് പോയി. കടല്‍ഭിത്തിയില്‍ കയറി നിന്ന് കുഞ്ഞിനെ കടലിലേക്ക് വലിച്ചെറിഞ്ഞു. കടല്‍ഭിത്തിയിലെ കരിങ്കല്ലിനുമേല്‍ തലയടിച്ചതോടെ കുഞ്ഞ് ഉറക്കെ കരഞ്ഞു. കുഞ്ഞിന്റെ വായ പൊത്തിയ ശേഷം വെള്ളത്തിലേക്ക് വീണ്ടും വലിച്ചെറിഞ്ഞു. ഒന്നര വയസുകാരനായ മകന്‍ മരിച്ചെന്ന് ഉറപ്പ് വരുത്തിയാണ് ശരണ്യ മടങ്ങിയത്. പുലര്‍ച്ചെയെഴുന്നേറ്റ് കുഞ്ഞിനെ കാണുന്നില്ലെന്ന് മറ്റുള്ളവരോട് പറഞ്ഞതും ശരണ്യ തന്നെ. കുഞ്ഞിനെ തിരയാന്‍ പോയ ശരണ്യ പിന്നീട് മൃതദേഹം കണ്ടെത്തിയ ഭാഗത്ത് നിന്ന് നടന്നു വരുന്നത് ഭര്‍ത്താവ് കണ്ടിരുന്നു. തുടര്‍ന്ന് പ്രണവ് പോലീസില്‍ പരാതി നല്‍കി.

കുഞ്ഞിനെ കാണാതായതില്‍ പ്രണവിന് പങ്കുണ്ടെന്നാണ് ശരണ്യ ആദ്യം മൊഴി നല്‍കിയത്. കുഞ്ഞിന്റെ മൃതദേഹം കിട്ടിയതിന് ശേഷമുള്ള ശരണ്യയുടെ പെരുമാറ്റം പോലീസിന് സംശയമുണ്ടാക്കി. ഡോഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയും ഫോറന്‍സിക് പരിശോധനാ ഫലവും എതിരായതോടെ ശരണ്യ കുറ്റം സമ്മതിക്കുകയായിരിന്നു. ഒറ്റയ്ക്ക് ജീവിക്കാനാണ് കൊല നടത്തിയതെന്നാണ് ശരണ്യ മൊഴി നല്‍കിയത്. എന്നാല്‍ നിധിനൊപ്പം ജീവിക്കുകയായിരുന്നു ലക്ഷ്യമെന്ന് പോലീസ് കണ്ടെത്തി. നിധിനെ പോലീസ് ചോദ്യം ചെയ്തു. കൊലയില്‍ ഇയാള്‍ക്ക് പങ്കില്ലെന്നാണ് പോലീസിന്റെ നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker