KeralaNewsRECENT POSTSTop Stories

ബിരിയാണിയും പൊറോട്ടയും ബീഫും വേണം! പോലീസ് സ്‌റ്റേഷനില്‍ നിരാഹാരമിരുന്ന് കൊല്ലത്തെ പ്രശസ്ത ഗുണ്ടയും കൂട്ടാളിയും

കൊല്ലം: ഇഷ്ട ഭക്ഷണം നല്‍കാത്തതിന്റെ പേരില്‍ പോലീസ് സ്‌റ്റേഷനില്‍ നിരാഹാര സമരവുമായി ഗുണ്ടകള്‍. കുപ്രസിദ്ധ ഗുണ്ട മംഗല്‍പാണ്ഡെ എന്ന എബിന്‍ പെരേരയും സുഹൃത്ത് നിയാസുമാണ് ബിരിയാണിക്കും ബീഫിനും വേണ്ടി പോലീസ് സ്റ്റേഷനില്‍ ഭക്ഷണം ഉപേക്ഷിച്ച് നിരാഹാരം അനുഷ്ടിക്കുന്നത്. അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷയെ തുടര്‍ന്ന് ഇന്നലെ മുതല്‍ പോലീസ് കസ്റ്റഡിയിലായ ഗുണ്ടകള്‍ക്ക് സാധാരണ പ്രതികള്‍ക്ക് നല്‍കാറുള്ള ആഹാരം പോലീസ് ഏര്‍പ്പാടാക്കിയെങ്കിലും ഇവര്‍ കഴിക്കാന്‍ കൂട്ടാക്കിയില്ല. തങ്ങള്‍ക്ക് ബിരിയാണി, പൊറോട്ട, ബീഫ് തുടങ്ങിയ വിഭവങ്ങള്‍ വേണമെന്ന പിടിവാശിയിലായിരിന്നു ഗുണ്ടകള്‍. പോലീസിന്റെ പോക്കറ്റില്‍ നിന്ന് പണം മുടക്കേണ്ടതില്ലെന്നും തങ്ങളുടെ സുഹൃത്തുക്കളും ബന്ധുക്കളും ഭക്ഷണം എത്തിക്കുമെന്ന ഗുണ്ടകളുടെ നിലപാടും പോലീസ് തള്ളി.

സുരക്ഷാ കാരണങ്ങളാലാണ് പുറത്ത് നിന്നുള്ള ഭക്ഷണം അനുവദിക്കാത്തതെന്ന് പോലീസ് ഉറച്ച നിലപാട് സ്വീകരിച്ചതോടെ പ്രതികള്‍ നിരാഹാരം തുടരുകയാണ്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് പോലീസ് കസ്റ്റഡിയിലേക്ക് കിട്ടിയ പ്രതികള്‍ ഭക്ഷണം ഉപേക്ഷിക്കുന്നതിനെ കുറിച്ച് കോടതിക്ക് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഇരവിപുരം സി. ഐ പി. അജിത്ത് കുമാര്‍ പറഞ്ഞു.

ഇന്നലെ രാത്രി ഏഴരയോടെ വിലങ്ങണിയിച്ച് പ്രതികളെ തെളിവെടുപ്പിനായി പള്ളിമുക്ക് ജംഗ്ഷനില്‍ കൊണ്ടുവന്നപ്പോള്‍ വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്. വെണ്ടര്‍മുക്കിലും പള്ളിമുക്കിലും ഏകദേശം അര മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. കടകളിലെ ഗുണ്ടാപ്പിരിവിനെ കുറിച്ച് തെളിവെടുത്തു. നഗരത്തിലെ ഒരു പ്രമുഖ മെന്‍സ് വെയര്‍ ഷോപ്പില്‍ ഗുണ്ടകള്‍ തുണിത്തരങ്ങള്‍ വാങ്ങിയ ഇനത്തില്‍ കൊടുക്കാനുള്ളത് 39,000 രൂപ. മംഗല്‍ പാണ്ഡെ 14,000 രൂപയും നിയാസ് 25,000 രൂപയുമാണ് അവിടെ കൊടുക്കാനുള്ളത്. തെളിവെടുപ്പിന്റെ ഭാഗമായി കടയിലെത്തിയ പോലീസ് ഇരുവരുടെയും പറ്റ് പുസ്തകം പരിശോധിച്ചു. കടം വാങ്ങിയ തുണിത്തരങ്ങളുടെ ബില്ലും വിശകലനം ചെയ്തു.

എന്തടിസ്ഥാനത്തിലാണ് ഇത്രയും തുകയുടെ സാധനങ്ങള്‍ കടം നല്‍കിയതെന്ന ചോദ്യത്തിന് ബലമായി തുണിത്തരങ്ങള്‍ എടുത്തുകൊണ്ട് പോകുമെന്നായിരുന്നു കടയുടമയുടെ മറുപടി. ബ്രാന്റഡ് കമ്പനികളുടെ ഇഷ്ട വസ്ത്രങ്ങള്‍ തെരഞ്ഞെടുത്തു പാകമാണോയെന്ന് നോക്കിയ ശേഷം ട്രയല്‍ റൂമില്‍ പഴയ വസ്ത്രം ഉപേക്ഷിച്ചു പുതിയത് അണിഞ്ഞു പോകുമായിരുന്നത്രെ. പ്രതികളുടെ ഒളിവ് ജീവിതത്തിനിടെ ഈ കട ഉടമ അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്തതിനും പോലീസിന് തെളിവ് ലഭിച്ചു. വാട്‌സ് ആപ്പ് സന്ദേശമായാണ് പണം ആവശ്യപ്പെട്ടത്. ഭയപ്പാടിലാണ് പണം നല്‍കിയതെന്ന് വ്യാപാരി മൊഴി നല്‍കി. കുറ്റകൃത്യം നടന്ന മറ്റ് സ്ഥലങ്ങളില്‍ പ്രതികളെ ഇന്ന് തെളിവെടുപ്പിന് കൊണ്ടു പോകും. സായുധ പോലീസിന്റെ കനത്ത കാവലിലാണ് പ്രതികളെ ഇരവിപുരം പോലീസ് സ്റ്റേഷനില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker