പത്തനംതിട്ട: പത്തനംതിട്ട (Pathanamthitta) ചിറ്റാർ പൊലീസ് സ്റ്റേഷനിൽ (Police Station) പ്രതിയുടെ അതിക്രമം. പൊലീസ് സ്റ്റേഷനിലെ സാധന സാമഗ്രികൾ മോഷണ കേസിലെ പ്രതി അടിച്ചു തകർത്തു. നിരവധി മോഷണ കേസുകളിൽ പ്രതിയായ ചിറ്റാർ മണക്കയം സ്വദേശി ഷാജി തോമസാണ് പൊലീസ് സ്റ്റേഷനിൽ അഴിഞ്ഞാടിയത്.
കസ്റ്റഡിയിലെടുത്ത് കൊണ്ട് വന്ന പൊലീസുകാരുടെ മുന്നിലായിരുന്നു പ്രതിയുടെ അഭ്യാസ പ്രകടനം. സ്റ്റേഷനിലെ മേശയും കസേരയും മുതൽ കംബ്യൂട്ടറും സ്കാനറും വരെ ഷാജി തോമസ് തല്ലി തകർത്തു. തടയാൻ ശ്രമിച്ച ഗ്രേഡ് എസ് ഐ സുരേഷ് പണിക്കരുടെ നെഞ്ചിൽ ചയ പ്രതിയെ ഒടുവിൽ പൊലീസുകാർ പിടികൂടി ലോക്കപ്പിൽ അടച്ചു. അവിടെയും തീർന്നില്ല പരാക്രമം. തല ഭിത്തിയിലിടിച്ച് മുറിവേൽപ്പിക്കാൻ ശ്രമിച്ചു. കൂടുതൽ അക്രമം ആയതോടെ പൊലീസുകാർ തന്നെ ഇരുമ്പ് കസേരയിൽ വിലങ്ങ് ഉപയോഗിച്ച് പൂട്ടി. എന്നിട്ടും പ്രതി അതിക്രമം തുടര്‍ന്നു.
പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ ഇയാൾ കഞ്ചാവ് ലഹരിയിലായിരുന്നു എന്നാണ് വൈദ്യപരിശോധ ഫലം. ചിറ്റാറിൽ സർവീസ് നടത്തുന്ന ഹോളി മേരി ബസിന്റെ ചില്ലുകൾ കല്ലെറിഞ്ഞ് തകർത്ത കേസിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുമ്പ് കെഎസ്ആർടിസി ബസും സ്വകാര്യ വാഹനങ്ങളും കടത്തികൊണ്ട് പോയ കേസിലും ഇയാൾ പ്രതിയാണ്. 25000 ത്തിലധികം രൂപയുടെ നാശനഷ്ടമാണ് പൊലീസ് സ്റ്റേഷനിൽ സംഭവിച്ചിട്ടുണ്ട്. ഷാജി തോമസിനെതിരെ പിഡിപിപി ആക്ടിലെ വിവിധ വകുപ്പുകൾക്ക് പുറമെ ബസിന്റെ ചില്ല് അടിച്ച് തകർത്തതിനും കഞ്ചാവ് ഉപയോഗിച്ചതിനും കേസുകളെടുത്തിട്ടുണ്ട്. പ്രതിയെ റാന്നി കോടതി റിമാന്റ് ചെയ്തു.