കൊച്ചി: കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ വടക്കാഞ്ചേരി കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന് പിന്നാലെ കരുവന്നൂര്‍ സഹകരണ ബാങ്ക് ചീഫ് അക്കൗണ്ടന്റ് സി.കെ. ജില്‍സും അറസ്റ്റില്‍. ചോദ്യംചെയ്തശേഷമാണ് ഇ.ഡി ഇയാളെ അറസ്റ്റ് ചെയ്തത്.
കരുവന്നൂര്‍ ബാങ്ക് വായ്പാ തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിലും ജില്‍സ് പ്രതിയായിരുന്നു. പിന്നീട് ഇയാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ജില്‍സ്, തന്നെ തട്ടിപ്പുകേസില്‍ കുടുക്കിയതാണെന്നും ഭരണസമിതി അംഗങ്ങളും സെക്രട്ടറിയും പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്നും വെളിപ്പെടുത്തിയിരുന്നു. സി.പി.എം. നോമിനിയായാണ് താന്‍ ബാങ്കില്‍ ജോലിക്ക് പ്രവേശിച്ചതെന്നും ജില്‍സ് വ്യക്തമാക്കിയിരുന്നു.
കരുവന്നൂര്‍ ബാങ്കില്‍ മാനേജര്‍ ബിജു കരീം, അക്കൗണ്ടന്റ് സി.കെ. ജില്‍സ് എന്നിവര്‍ വായ്പാത്തട്ടിപ്പിലൂടെ കോടികള്‍ സമ്പാദിച്ചതായി ഇ.ഡി. കണ്ടെത്തിയിരുന്നു. കരുവന്നൂര്‍ ബാങ്കിലൂടെ കള്ളപ്പണ ഇടപാട് നടത്തിയ വെളപ്പായ സതീശന്‍, പി.പി. കിരണ്‍ എന്നിവര്‍ക്ക് കൂട്ടുനിന്ന് കൈക്കൂലിയിനത്തിലും പണമുണ്ടാക്കിയത് ബിജു കരീം, സി.കെ. ജില്‍സ് എന്നിവരാണ്. ഈ കണ്ടെത്തല്‍ ക്രൈംബ്രാഞ്ചും നടത്തിയിരുന്നു.