ബിജ്‌നോര്‍: തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തി തിരികെ കൊണ്ടുവരുന്നതിനിടെ വാഹനാപകടത്തില്‍ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഡല്‍ഹി പോലീസിലെ സബ് ഇന്‍സ്‌പെക്ടറായ സുഭാഷ് ചന്ദ്ര(50)യാണ് ഉത്തര്‍പ്രദേശിലെ അംറോഹയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഒരു പോലീസുകാരന്‍ അടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു.
തിങ്കളാഴ്ച വൈകീട്ട് ദേശീയപാത 24-ല്‍ അംറോഹയിലെ ഭാന്‍പുര്‍ ഗ്രാമത്തില്‍ പോലീസ് സംഘം സഞ്ചരിച്ച വാഹനവും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എസ്.ഐ. സുഭാഷ് ചന്ദ്ര തല്‍ക്ഷണം മരിച്ചു. വാഹനത്തിലുണ്ടായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ രാജേഷ് തിവാരി, 17 വയസുള്ള പെണ്‍കുട്ടി, ഇവരുടെ ബന്ധു എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അപകടമുണ്ടാക്കിയ ലോറി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഡല്‍ഹി ഹരിനഗര്‍ പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറായിരുന്നു സുഭാഷ് ചന്ദ്ര. ഏതാനുംദിവസം മുമ്പ് പ്രദേശത്തുനിന്ന് യുവാവ് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്താനാണ് എസ്.ഐ.യും ഹെഡ് കോണ്‍സ്റ്റബിളും ഉത്തര്‍പ്രദേശിലേക്ക് പോയത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ്, പെണ്‍കുട്ടി ഉത്തര്‍പ്രദേശിലെ ബരേലിയിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കുട്ടിയുടെ ബന്ധുവിനെയും കൂട്ടി ഉത്തര്‍പ്രദേശിലെത്തിയത്. ഇവിടെനിന്ന് കുട്ടിയെ കണ്ടെത്തിയ പോലീസ് സംഘം തിരികെ ഡല്‍ഹിയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
അപകടത്തില്‍ പരിക്കേറ്റവരെല്ലാം ചൊവ്വാഴ്ച ആശുപത്രി വിട്ടതായി യു.പി. പോലീസ് അറിയിച്ചു. പെണ്‍കുട്ടിയെ ഡല്‍ഹിയില്‍നിന്നെത്തിയ പോലീസ് സംഘത്തിന് കൈമാറിയതായും പോലീസ് പറഞ്ഞു.