രാമന്തളി കുരിശുമുക്കിൽ വാഹനാപകടം: രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു,ഒരാൾക്ക് ഗുരുതര പരിക്ക്

പയ്യന്നൂര്‍ :രാമന്തളി കുരിശുമുക്കില്‍ വാഹനാപകടത്തില്‍ രണ്ടു തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു.

കല്ലേറ്റുംകടവിലെ പി. വി. ശോഭ (53), ടി.വി. യശോദ (68) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബി. പി. ശ്രീലേഖ (49) യെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാവിലെ 9.30 ഓടെയായിരുന്നു സംഭവം. രാമന്തളി പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. 20 പേരടങ്ങിയ തൊഴിലാളികളുടെ സംഘത്തില്‍ നിന്നും മൂന്ന് പേര്‍ കുരിശുമുക്കില്‍ നിന്നും രാമന്തളി റോഡില്‍ കഴിഞ്ഞ ദിവസം ബാക്കിയായ പണി തീര്‍ക്കുന്നതിനായി പോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്.

കുരിശുമുക്ക് – ഏഴിമല ടോപ് റോഡില്‍ നിന്നും ഇറങ്ങി രാമന്തളി ഭാഗത്തേക്ക് ജില്ലിപൊടിയുമായി പോവുകയായിരുന്ന ഗുഡ്‌സ് ഓട്ടോ വാഹനമാണ് നിയന്ത്രണം വിട്ട് മൂവരെയും ഇടിച്ച് തെറിപ്പിച്ച് മറിഞ്ഞത്. പി.വി.ശോഭ സംഭവ സ്ഥലത്തും ടി. വി. യശോദ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും മരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News