നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ ലോറിയിടിച്ച് അപകടം; അമ്മയും കുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: കിളിമാനൂരിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് ചരക്ക് ലോറി ഇടിച്ചുകയറി അപകടം. പാസഞ്ചർ സീറ്റിൽ നിന്നും അമ്മയും കുഞ്ഞും പുറത്തിറങ്ങി സെക്കൻഡുകൾക്കകമായിരുന്നു അപകടം. തലനാരിഴയ്ക്കാണ് ഇരുവരും രക്ഷപ്പെട്ടത്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

കിളിമാനൂർ ഇരട്ടച്ചിറയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കാറിൽ യുവതിയും ഭർത്താവും കുഞ്ഞുമാണ് ഉണ്ടായിരുന്നത്. അടുത്തുള്ല കടയിൽ നിന്നും സാധനം വാങ്ങാനായി എത്തിയതായിരുന്നു കുടുംബം. റോഡിന്റെ ഒരു വശത്ത് വാഹനം നിർത്തിയിട്ടതിന് ശേഷം യുവതിയും കുഞ്ഞും പുറത്തിറങ്ങിയതിന് പിന്നാലെ ചരക്ക് ലോറി ഇടിച്ചുകയറുകയായിരുന്നു. അപകടസമയം കാറിൽ ഉണ്ടായിരുന്ന യുവാവ് പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടതായാണ് വിവരം.

ചരക്ക് ലോറിയുടെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അലക്ഷ്യമായി വാഹനം ഓടിച്ചതിന് ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News