KeralaNews

ഇനി പഴയ കളി നടക്കില്ല! ആപ് വരുന്നൂ, അപകട ഇന്‍ഷ്വറന്‍സ് തുക ഉടൻ കിട്ടും

ന്യൂഡല്‍ഹി: റോഡപകടങ്ങളില്‍ ഇരയാകുന്നവര്‍ക്ക് അതിവേഗം നഷ്ടപരിഹാരം ലഭിക്കാനുള്ള ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ഉടന്‍ പുറത്തിറങ്ങും. വാഹാനപകടങ്ങളില്‍ ഇരയാകുന്നവര്‍ നഷ്ടപരിഹാരത്തിനായി കാലങ്ങളോളം കോടതി കയറിയിറങ്ങി വീര്‍പ്പു മുട്ടുന്ന അവസ്ഥ ഇതോടെ ഒഴിവാകും.

രണ്ടു മാസത്തിനുള്ളില്‍ രാജ്യവ്യാപകമായി ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ തയാറാക്കി നടപ്പാക്കണമെന്നാണ് കഴിഞ്ഞ ആഴ്ച സുപ്രീംകോടതി ജനറല്‍ ഇന്‍ഷ്വറന്‍സ് കൗണ്‍സിലിനു നല്‍കിയ നിര്‍ദേശം.

ആപ്പ് തയാറാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന കൗണ്‍സിലിന്‍റെ ആവശ്യം നിരാകരിച്ച കോടതി രണ്ടു മാസത്തിനുള്ളില്‍ ആപ്പ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കണം എന്നാണു നിര്‍ദേശിച്ചത്. അപകടത്തില്‍ പെട്ട ഒരാള്‍ക്കു പത്തോ പതിനഞ്ചോ വര്‍ഷത്തിനു ശേഷം നിങ്ങള്‍ പത്തു ലക്ഷം ലക്ഷം രൂപ നല്‍കിയിട്ട് എന്ത് പ്രയോജനമെന്നാണ് ഇന്‍ഷ്വറന്‍സ് കമ്പനികളോടു സുപ്രീംകോടതി ചോദിച്ചത്.

റോഡപകടങ്ങളില്‍ പെടുന്നവര്‍ക്കു നടപടിക്രമങ്ങളിലെ ഇഴച്ചില്‍ കാരണം നഷ്പരിഹാരം വൈകുന്നത് പതിവ് സംഭവമാണ്. മോട്ടോര്‍ ആക്‌സിഡന്‍റ് ക്ലെയിംസ് ട്രൈബ്യൂണലിന്‍റെ (എംഎസിടി) മുന്നില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ക്ക് എങ്ങനെ പരിഹാരം കണ്ടെത്താം എന്നതില്‍ കഴിഞ്ഞ പത്തു മാസമായി കോടതിയില്‍ നടന്ന വാദപ്രതിവാദങ്ങളുടെ അനന്തര ഫലമാണ് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍.

നിലവില്‍ ഡല്‍ഹി, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് വാഹനാപകടങ്ങള്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യാന്‍ ഡിജിറ്റല്‍ സംവിധാനങ്ങളുണ്ട്.

ഓണ്‍ലൈന്‍ ആപ്പ് നിലവില്‍ വന്നാല്‍ പോലീസ്, ഇന്‍ഷ്വറന്‍സ് കമ്പനികള്‍, എംഎസിടി എന്നിവര്‍ നിര്‍ബന്ധമായും ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങണം. അപകടം നടന്ന് 48 മണിക്കൂറിനുള്ളില്‍ പോലീസ് വിശദ വിവരങ്ങള്‍ ആപ്ലിക്കേഷനില്‍ അപ്‌ലോഡ് ചെയ്യണം. 90 ദിവസത്തിനുള്ളില്‍ പോലീസ് വിശദമായ റിപ്പോര്‍ട്ടും നല്‍കണം.

അതിനു ശേഷം 30 ദിവസത്തിനുള്ളില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ അപകടത്തിന് ഇരയായ ആള്‍ക്ക് നഷ്പരിഹാരം നല്‍കിയിരിക്കണം. അപകടത്തിന്‍റെ വിശദമായ റിപ്പോര്‍ട്ട് സഹിതം 90 ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരത്തിന് അര്‍ഹമായവരെ പോലീസ് എംഎസിടിക്കു മുന്നില്‍ ഹാജരാക്കിയിരിക്കണം.

ചാര്‍ജ് ഷീറ്റ്, അപകടത്തില്‍ പെട്ടയാളുടെ വരുമാനവും ആശ്രിതരുടെയും വ്യക്തിഗത വിവരങ്ങള്‍ എന്നിവയും ഹാജരാക്കണം. പരാതിക്കാരനെ നേരിട്ടു ഹാജരാക്കുന്നതിന് മുന്‍പേ തന്നേ ഈ രേഖകള്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷനില്‍ അപ്‌ലോഡ് ചെയ്യാനുള്ള അവസരവുമുണ്ടാകും.

നിര്‍ദിഷ്ട ആപ്പ് വാഹനങ്ങളുമായി ബന്ധപ്പെട്ട വാഹന്‍, ഡ്രൈവര്‍മാരുടെ ലൈസന്‍സുമായി ബന്ധപ്പെട്ട സാരഥി, ഇന്‍ഷ്വറന്‍സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ എന്നിവയുടെ ഡേറ്റാ ബാങ്കുമായും ബന്ധിപ്പിച്ചിരിക്കും.

അതിനാല്‍ അപകടത്തിനു ശേഷം പോലീസിനു നേരിട്ട് അപകടത്തിടയാക്കുന്ന വാഹന ഉടമയെയും ഇന്‍ഷ്വറന്‍സ് കമ്പനികളെയും സമീപിക്കേണ്ടി വരുന്നതു മൂലമുള്ള സമയ നഷ്ടം ഒഴിവാക്കാം. പോലീസിന്‍റെ വിശദമായ റിപ്പോര്‍ട്ട് തന്നെ നഷ്ടപരിഹാരത്തിനുള്ള അപേക്ഷയായി കണക്കാക്കും. ഇതിനായി അപകടത്തിനിരയായവര്‍ പ്രത്യേകം അപേക്ഷ നല്‍കേണ്ടി വരില്ല

പുതിയ ആപ്പ് വന്നാല്‍ ഇൻഷ്വറന്‍സ് തുക തട്ടിയെടുക്കുന്നതിന് വേണ്ടി വ്യാജ ക്ലെയിം ഉന്നയിക്കുന്നവരെ കുടുക്കാന്‍ കഴിയും. കുറ്റകൃത്യങ്ങളിലോ അപകടങ്ങളിലോ പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ അപ്പോപ്പോള്‍ തന്നെ ഈ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ ഒരേ വാഹനത്തിന്‍റെ പേരില്‍ കേസുകള്‍ കെട്ടിച്ചമയ്ക്കുന്നതും വ്യാജ സാക്ഷികളെ അണിനിരത്തുന്നതും ഒഴിവാക്കാന്‍ കഴിയും.

നിലവില്‍ അപകടം നടന്നാല്‍ എംഎസിടിക്കോ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കോ സംഭവ സ്ഥലത്തു നിന്നു നേരിട്ടു തത്സമയ റിപ്പോര്‍ട്ട് ലഭിക്കാനുള്ള സംവിധാനമില്ല. പോലീസ് അന്വേഷണം നടത്തുന്ന സമയത്തിനിടെ അഭിഭാഷകരുടെ സഹായത്തോടെ വ്യാജ ക്ലെയിം ഉന്നയിച്ചു വരാനുള്ള സാധ്യതകളും കൂടുതലായിരുന്നു.

രാജ്യത്തെ വാഹനാപകട നഷ്ടപരിഹാര കേസുകളില്‍ 25 ശതമാനത്തിലേറെയും മൂന്നു വര്‍ഷം പിന്നിട്ടിട്ടും തീര്‍പ്പാകാത്തവയാണ്. 650 കേസുകളില്‍ 20 വര്‍ഷം കഴിഞ്ഞിട്ടും തീര്‍പ്പുണ്ടായിട്ടില്ല.

1988ലെ മോട്ടോര്‍ വാഹന നിയമത്തിലെ 166, 163 എ വകുപ്പുകള്‍ അനുസരിച്ച് വാഹന അപകടത്തില്‍ പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹത ഉറപ്പു നല്‍കുന്നു. മരണപ്പെട്ടാല്‍ അഞ്ചു ലക്ഷം രൂപയും സ്ഥിരമായ അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് 2.5 ലക്ഷം രൂപയുമാണ് 163 എ വകുപ്പ് അനുസരിച്ച് വ്യവസ്ഥ ചെയ്യുന്നത്.

166 വകുപ്പനുസരിച്ച് ഉയര്‍ന്ന തുക നഷ്ടപരിഹാരം ആവശ്യപ്പെടുന്ന കേസുകളാണ് സിവില്‍ കേസുകളായി മാറുന്നത്. അപകടത്തില്‍ പെട്ടയാളുടെ വയസ്, വരുമാനം, ആശ്രിതരുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിലാണ് കൂടതല്‍ തുക നഷ്ടപരിഹാരം വേണമെന്ന ആവശ്യം ഉന്നയിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button