ചികിത്സ നിഷേധിച്ചു; കൊല്ലത്ത് അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
കൊല്ലം: ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ബൈക്ക് അപകടത്തില്‍ തലക്ക് പരിക്കേറ്റ യുവാവ് മരിച്ചു. കുരീപ്പുഴ കൊച്ചാനത്തുവീട്ടില്‍ അജിത് കൃഷ്ണന്‍ (28) ആണ് മരിച്ചത്. ഇന്നു രാവിലെ കുരീപ്പുഴയില്‍ നിന്ന് കൊല്ലത്തേക്ക് വരുമ്പോള്‍ അജിത് സഞ്ചരിച്ച ബൈക്കിന് പിന്നില്‍ മറ്റൊരു ബൈക്ക് വന്നിടിച്ചാണ് അപകടമുണ്ടായത്. അജിത് റോഡിലേക്ക് തലയിടിച്ച് തെറിച്ചു വീണപ്പോള്‍ കണ്ടു നിന്ന നാട്ടുകാരാണ് സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഉടന്‍ പണം അടക്കാന്‍ കഴിയാഞ്ഞതിനാല്‍ ആശുപത്രി അധികൃതര്‍ അജിത്തിന് ചികിത്സ നിഷേധിച്ചെന്നാണ് ആരോപണം. പണമടക്കാതെ സി.ടി സ്‌കാന്‍ നടത്തില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് അജിത്തിനെ ആശുപത്രിയില്‍ എത്തിച്ചവര്‍ ബന്ധുക്കള്‍ എത്തുന്നത് വരെ കാത്തു നിന്നു. ഒരു മണിക്കൂറോളം അജിത്തിന് ചികിത്സ ലഭിച്ചില്ല. ബന്ധുക്കളെത്തി അജിത്തിനെ തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.