തിരുവനന്തപുരം: സുപ്രീംക്കോടതി വിധി അംഗീകരിക്കുന്നതായും പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നും കണ്ണൂര്‍ സര്‍വകലാശാല വി.സി ഗോപിനാഥ് രവീന്ദ്രന്‍. കണ്ണൂര്‍ വി.സി പുനര്‍നിയമനം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി പുറത്തുവന്നതിനു പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”കോടതി വിധിയുടെ വിവരം ലഭിച്ചു. അത് അംഗീകരിക്കണം. ഉത്തരവ് വന്നതോടെ രാജിയക്ക് പ്രസക്തിയില്ലാതായി. നാളെ ഡല്‍ഹി ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ ഹിസ്റ്ററി പ്രൊഫസറായി സ്ഥിരജോലിയില്‍ ചുമതലയേല്‍ക്കും. 2021-ല്‍ ആയിരുന്നു വിസി പദവിയുടെ ഒന്നാംഘട്ട കാലാവധി അവസാനിച്ചത്. പുനര്‍നിയമനത്തിന്റെ എഴുത്ത് അന്നുതന്നെ വന്നു. താന്‍ ആവശ്യപ്പെട്ടിട്ടല്ല പുനര്‍നിയമനം നടത്തിയത്. പുനര്‍നിയമത്തില്‍ ഏതെങ്കിലുംതരത്തിലുള്ള തെറ്റ് ഉണ്ടായെന്ന് തോന്നിയിട്ടില്ല. ഇന്ത്യയിലെ പല വിസിമാര്‍ക്കും പുനര്‍നിയമനം കിട്ടിയിട്ടുണ്ട്”- അദ്ദേഹം വ്യക്തമാക്കി.
നിരാശയുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് യൂണിവേഴ്‌സിറ്റിക്കായി കുറേകാര്യങ്ങള്‍ ചെയ്യാന്‍പ്പറ്റി, കുറച്ചു ബാക്കിയുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയെ രാഷ്ട്രീയമായി തകര്‍ക്കാനുള്ള നീക്കം നടക്കുന്നുണ്ടോയെന്ന ചോദ്യത്തിന് അത് വേറെ ആള്‍ക്കാരല്ലേ പറയേണ്ടതെന്നും ഗോപിനാഥ് രവീന്ദ്രന്‍ മറുപടി നൽകി.