മുംബൈ: അധികാര ദുർവിനിയോഗം ആരോപിച്ച് പ്രൊബേഷണറി ഐഎഎസ് ഓഫീസർ ഡോ. പൂജ ഖേദ്കറെ മഹാരാഷ്ട്ര സർക്കാർ പൂണെയിൽ നിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റി. വാഷിമിൻ്റെ സൂപ്പർ ന്യൂമറി അസിസ്റ്റൻ്റ് കളക്ടറായാണ് സ്ഥലം മാറ്റിയത്. പുണെ കളക്ടർ ഡോ.സുഹാസ് ദിവാസെ ചീഫ് സെക്രട്ടറിക്ക് അയച്ച റിപ്പോർട്ടിനെ തുടർന്നാണ് നടപടി. പ്രൊബേഷൻ ഓഫീസർക്ക് അനുവദനീയമല്ലാത്ത പ്രത്യേക അധികാരങ്ങൾ കളക്ടറുടെ ഓഫീസിൽ നിന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് പൂജ വിവാദത്തിലായിരുന്നു. തൻ്റെ സ്വകാര്യ ഓഡി കാറിൽ ചുവന്ന-നീല ബീക്കൺ ലൈറ്റും വിഐപി നമ്പർ പ്ലേറ്റും ഉപയോഗിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ഇവരുടെ നടപടി വ്യാപക വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. സ്വകാര്യ കാറിൽ ‘മഹാരാഷ്ട്ര സർക്കാർ’ എന്ന ബോർഡും സ്ഥാപിച്ചിരുന്നു. 841-ാം റാങ്ക് നേടിയാണ് ഇവർ ഐഎഎസ് ഓഫിസറായത്. വിഐപി നമ്പർ പ്ലേറ്റുള്ള ഔദ്യോഗിക കാർ, താമസ സൗകര്യം, മതിയായ ജീവനക്കാരുള്ള ഔദ്യോഗിക ചേംബർ, കോൺസ്റ്റബിൾ എന്നിവ ഉൾപ്പെടുന്ന ആവശ്യങ്ങളും ഖേദ്കർ ഉന്നയിച്ചു. ചട്ടങ്ങൾ അനുസരിച്ച്, ഒരു ട്രെയിനിക്ക് മേൽപ്പറഞ്ഞ സൗകര്യങ്ങൾ നൽകില്ല.
ആദ്യം ഗസറ്റഡ് ഓഫീസറായാണ് ഇവരെ നിയമിക്കുകയെന്നും അധികൃതർ അറിയിച്ചു. അതൃപ്തയായ പൂജ, അഡീഷണൽ കളക്ടർ അജയ് മോറെ ഇല്ലാതിരുന്ന സമയത്ത് അദ്ദേഹത്തിൻ്റെ ചേംബർ കൈയേറി പേരെഴുതിയ ബോർഡ് സ്ഥാപിച്ചു. അഡീഷണൽ കളക്ടറുടെ മുൻകൂർ അനുമതിയില്ലാതെ കസേരകളും സോഫകളും മേശകളും ഉൾപ്പെടെ എല്ലാ സാമഗ്രികളും നീക്കുകയും ചെയ്തു.
പിന്നാലെ, ലെറ്റര്‍ഹെഡ്, വിസിറ്റിംഗ് കാര്‍ഡ്, പേപ്പര്‍ വെയ്റ്റ്, നെയിംപ്ലേറ്റ്, റോയല്‍ സീല്‍, ഇന്റര്‍കോം എന്നിവ നല്‍കാന്‍ റവന്യൂ അസിസ്റ്റന്റിന് നിര്‍ദ്ദേശം നല്‍കി. റിട്ടയേര്‍ഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ഖേദ്കറിന്റെ പിതാവ് മകളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ജില്ലാ കളക്ടറുടെ ഓഫീസില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.