ചെന്നൈ: വനിതാ മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപ പരാമർശത്തിൽ തമിഴ്നാട്ടിലെ ബിജെപി നേതാവും നടനുമായ എസ് വി ശേഖറിന് ഒരു മാസം തടവ്. പതിനയ്യായിരംരൂപ പിഴയും ചുമത്തി. കുറ്റം സംശയാതീതമായി തെളിഞ്ഞെന്ന് ചെന്നൈയിലെ പ്രത്യേക കോടതി വ്യക്തമാക്കി.
2018ലാണ് എസ് വി ശേഖർ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയത്. അപമാനിക്കണമെന്ന ഉദ്ദേശത്തോടെയും സമാധാനം നശിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു പരാമർശമെന്നാണ് കോടതി വിലയിരുത്തിയത്.
ഇന്ത്യൻ ശിക്ഷാ നിയമം 504, 509 അനുസരിച്ചാണ് എസ് വി ശേഖറിന് ശിക്ഷ വിധിച്ചിരിക്കുന്നത്. ജയിൽ ശിക്ഷ ഒഴിവാക്കാൻ പിഴ അടച്ച ശേഷം മദ്രാസ് ഹൈക്കോടതിയെ സമീപിക്കാമെന്നും പ്രത്യേക കോടതി വിശദമാക്കി. 2006ൽ എസ് വി ശേഖർ തമിഴ്നാട് നിയമസഭാംഗമായത്.
എഐഎഡിഎംകെ ടിക്കറ്റിലാണ് എസ് വി ശേഖർ എംഎൽഎയായത്. മൈലാപ്പൂരിൽ നിന്നായിരുന്നു ഇത്. പിന്നാലെ കോൺഗ്രസിൽ ചേർന്ന എസ് വി ശേഖറിനെ എഐഎഡിഎംകെ പുറത്താക്കിയിരുന്നു. പിന്നാലെ ബിജെപിയിൽ ചേർന്ന ശേഖറിനെ കോൺഗ്രസ് പുറത്താക്കിയിരുന്നു.
എന്നാൽ തനിക്ക് ഫോർവേഡ് ചെയ്ത് കിട്ടിയ മെസേജ് ഫോർവേഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും അധിക്ഷേപ പരാമർശം അന്നേ ദിവസം തന്നെ മാറ്റിയിരുന്നുവെന്നുമാണ് ശേഖർ സംഭവത്തേക്കുറിച്ച് പറയുന്നത്. എന്നാൽ ഫോർവേഡ് ചെയ്യുന്ന മെസേജുകളിൽ അത് അയക്കുന്നവർക്കും ഉത്തരവാദിത്തമുണ്ടെന്നാണ് കോടതി വിശദമാക്കിയത്. നിരവധി പേർ പിന്തുടരുന്ന നേതാവെന്ന നിലയിൽ അയയ്ക്കുന്ന സന്ദേശങ്ങളേക്കുറിച്ച് ധാരണ വേണമെന്നും പ്രത്യേക കോടതി നിരീക്ഷിച്ചു.