23.8 C
Kottayam
Monday, May 20, 2024

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തുകളില്‍ എത്താന്‍ കഴിയാത്തവർക്ക് വീട്ടിലിരുന്ന് വോട്ടു ചെയ്യാം, ആബ്സൻ്റിസ് വോട്ട് ഇന്നു മുതൽ

Must read

തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തുകളില്‍ എത്താന്‍ കഴിയാത്തവര്‍ക്കുള്ള തപാല്‍ വോട്ട് ഇന്നു മുതല്‍ ആരംഭിക്കും.പോളിംഗ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി ഇവരുടെ വോട്ട് രേഖപ്പെടുത്തും. ഇതിനായി പ്രത്യേക പോളിംഗ് ടീമിനെ കമ്മീഷന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

80 വയസു പിന്നിട്ടവര്‍, ഭിന്നശേഷിക്കാര്‍ , കോവിഡ് ബാധിതര്‍, ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ എന്നിവരെയാണ് ആബ്‌സന്‍റീ വോട്ടര്‍മാരായി പരിഗണിക്കുന്നത്. ഇവര്‍ക്ക് താമസസ്ഥലത്ത് എത്തിച്ചു നല്‍കുന്ന ബാലറ്റ് പേപ്പറില്‍ വോട്ട് ചെയ്യാം. തപാല്‍ വോട്ട് ചെയ്യാന്‍ താത്പര്യമുണ്ടെന്ന് വരണാധികാരിയെ അറിയിക്കുകയും 12 ഡി എന്ന ഫോമില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് മാര്‍ച്ച്‌ 17നു മുന്‍പ് നല്‍കിയവര്‍ക്കുമാണ് ഈ സൗകര്യം.

വോട്ടര്‍ പട്ടികയില്‍ ഇവരുടെ പേരിനുനേരെ പോസ്റ്റല്‍ ബാലറ്റ് എന്നതിന്‍റെ ചുരുക്കെഴുത്തായ പിബി എന്ന് മാര്‍ക്ക് ചെയ്യും. ഈ വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തില്‍ എത്തി വോട്ട് ചെയ്യാനാകില്ല.തപാല്‍ ബാലറ്റുകള്‍ വോട്ടര്‍ക്ക് നല്‍കുന്നതിന് പ്രത്യേക പോളിംഗ് സംഘങ്ങളെ വരണാധികാരിമാര്‍ നിയോഗിച്ചിട്ടുണ്ട്. മുന്‍കൂട്ടി അറിയിച്ചശേഷമായിരിക്കും ഇവര്‍ വോട്ടര്‍മാരുടെ അടുത്തെത്തുക. ഉദ്യോഗസ്ഥര്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച്‌ ഉറപ്പുവരുത്തിയശേഷം തപാല്‍ ബാലറ്റ് പേപ്പര്‍, ഫോറം 13 എ യിലുള്ള സത്യപ്രസ്താവന, ഫോറം 13 ബി എന്ന ചെറിയ കവര്‍, ഫോറം 13 സി എന്ന വലിയ കവര്‍ എന്നിവയും നല്‍കും.

സ്വകാര്യത ഉറപ്പാക്കി വോട്ട് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളുമായാണ് ഉദ്യോഗസ്ഥര്‍ എത്തുക. സ്ഥാനാര്‍ഥികള്‍ക്ക് വരണാധികാരികളുടെ അനുവാദത്തോടെ ഏജന്റിനെ വോട്ടിംഗ് പ്രക്രിയ നിരീക്ഷിക്കുന്നതിന് ചുമതലപ്പെടുത്താം. രണ്ടു പോളിംഗ് ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥന്‍, വീഡിയോഗ്രാഫര്‍, മൈക്രോ ഒബ്‌സര്‍വര്‍, ബി.എല്‍.ഒ എന്നിവരാണ് പോളിംഗ് ടീം. തപാല്‍ ബാലറ്റില്‍ സ്ഥാനാര്‍ഥിയുടെ പേരിനു നേരെ ശരി ചിഹ്നമോ ഗുണന ചിഹ്നമോ രേഖപ്പെടുത്തി വോട്ട് ചെയ്യാം.

പോളിംഗ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രമേ വോട്ട് രേഖപ്പെടുത്താന്‍ കഴിയൂ. തപാല്‍ ബാലറ്റ് അടങ്ങിയ 13 ബി എന്ന കവറും 13 എ എന്ന സത്യപ്രസ്താവനയും 13 സി എന്ന വലിയ കവറിലിട്ട് ഒട്ടിച്ച്‌ ഈ കവറിനു മുകളിലും ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്തി അപ്പോള്‍തന്നെ പോളിംഗ് ഉദ്യോഗസ്ഥരെ തിരികെ ഏല്‍പ്പിക്കണം.ആശുപത്രിയില്‍ ചികിത്സയിലുള്ള കോവിഡ് രോഗികള്‍ വോട്ട് ചെയ്യുമ്ബോള്‍ 13എ യിലുള്ള സത്യപ്രസ്താവന അവരെ ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് സാക്ഷ്യപ്പെടുത്താം.

പോളിംഗ് സംഘം എത്തുന്നതായി അറിയിക്കുമ്ബോള്‍ വോട്ടര്‍മാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതിവയ്ക്കണം. അന്ധര്‍ക്കും വോട്ട് ചെയ്യാന്‍ കഴിയാത്തവിധം ശാരീരിക അസ്വസ്ഥതകള്‍ നേരിടുന്നവര്‍ക്കും മുതിര്‍ന്ന ഒരാളുടെ സഹായത്തോടെ വോട്ട് ചെയ്യാം. തപാല്‍ വോട്ടുകള്‍ അതതു ദിവസംതന്നെ പോളിംഗ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് മടക്കി നല്‍കണെന്നാണ് നിര്‍ദ്ദേശം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week