കോട്ടയം: നീണ്ട 28 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം സിസ്റ്റര്‍ അഭയക്കേസില്‍ ഇന്ന് വിധി വന്നിരിക്കുകയാണ്. ഒരു വര്‍ഷവും മൂന്നര മാസവും കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് തിരുവനന്തപുരം സിബിഐ കോടതി ഇന്ന് വിധി പറഞ്ഞത്. ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് കോടതി വിധിച്ചു. പ്രതികള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ട അഭയയെ തലക്ക് കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ തള്ളുകയായിരുന്നു എന്ന് തന്നെയാണ് സിബിഐ അന്വേഷണത്തിലും കണ്ടെത്തിയത്. ഇത് ശരിയെന്ന് കോടതി വിധിക്കുകയും ചെയ്തു.
കേസ് അന്വേഷിച്ചവര്‍ ആത്മഹത്യ ചെയ്ത, സംശയിച്ച് ചോദ്യം ചെയ്തവരെ കാണാതായ, തെളിവുകള്‍ അട്ടിമറിക്കപ്പെട്ട, രഹസ്യമൊഴി നല്‍കിയ സാക്ഷികള്‍ അടക്കം കൂറുമാറിയ കേസുമാണ് ഇത്. സാഹചര്യ-ശാസ്ത്രീയ തെളിവുകള്‍ മാത്രമാണ് സിബിഐക്ക് ആശ്രയം. അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ കോണ്‍വെന്റില്‍ മോഷണത്തിന് എത്തിയപ്പോള്‍ പ്രതികളെ കണ്ടെന്ന അടയക്കാരാജുവിന്റെ മൊഴിയും കന്യാകത്വം തെളിയിക്കാനായി സിസ്റ്റര്‍ സെഫി ശസ്ത്രക്രിയ നടത്തിയെന്ന ഫോറന്‍സിക് സര്‍ജന്മാരുടെ മൊഴിയും കേസില്‍ നിര്‍ണായകമായി.
ആത്മഹത്യ എന്നാണ് ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും വിധിയെഴുതിയത്. 1993 മാര്‍ച്ച് 23നാണ് കോടതി ഉത്തരവിനെ തുടര്‍ന്ന് കേസ് സിബിഐ ഏറ്റെടുക്കുന്നത്. 3 പ്രാവശ്യം സിബിഐ റിപ്പോര്‍ട്ട് തള്ളുകയും പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. 2008 നവംബര്‍ 19ന് ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ഫാ ജോസ് പുതുക്കയില്‍ എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പിന്നീട് വിടുതല്‍ ഹര്‍ജി പരിഗണിച്ച് തെളിവില്ലെന്ന് കാട്ടി ജോസ് പുതൃക്കയലിനെ കേസില്‍ നിന്നും ഒഴിവാക്കി. തെളിവ് നശിപ്പിച്ചു എന്ന പേരില്‍ പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച് എസ്.പി, കെ.ടി മൈക്കിളിനെയും വിചാരണ ഘട്ടത്തില്‍ തെളിവ് ലഭിച്ചാല്‍ പ്രതിചേര്‍ക്കാമെന്ന ഉപാധിയോടെ ഹൈക്കോടതി ഒഴിവാക്കി. 49 സാക്ഷിമൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ സിബിഐയെ കൊണ്ടു വരുന്നതു മുതല്‍ ഇന്നത്തെ വിധി വരെ പൊതു പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നിഴലായി കേസിനൊപ്പം നിന്നു.