കോഴിക്കോട്: ഫേസ്ബുക്കിലെ മോദി സ്തുതിയേത്തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട എപി അബ്ദുള്ളക്കുട്ടിയെ രൂക്ഷമായി വിമർശിച്ച് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ. മോദിയെ ഗാന്ധിയോട് ഉപമിക്കുന്ന അബ്ദുള്ള കുട്ടിയെ കുതിരവട്ടത്ത് കൊണ്ടുപോകണമെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് അബ്ദുള്ളക്കുട്ടിയെന്നും കെ സുധാകരൻ പറഞ്ഞു.
സിപിഎം വിട്ട അബ്ദുള്ളക്കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് ഞാൻ വാക്ക് നൽകിയിരുന്നു.ഭീഷണി കാരണം നാട് വിടാനൊരുങ്ങിയ അബ്ദുള്ളക്കുട്ടിയെ സംരക്ഷിച്ചത് താനായിരുന്നു. ആ ഘട്ടത്തിൽ കണ്ണുർ മണ്ഡലം നൽകിയത് സുരക്ഷിതത്വത്തിന് വേണ്ടി. അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റിന് അവകാശവാദം ഉന്നയിക്കരുതെന്ന് പറഞ്ഞിരുന്നു.എന്നാൽ രണ്ടാം തവണ അവസരം നൽകിയത് ഹൈക്കമാൻഡിന്റെ നിർദ്ദേശ പ്രകാരം.സുധീരൻ പറഞ്ഞ കാര്യങ്ങളിൽ വസ്തുതയുണ്ട്.ഏകനായാണ് അബ്ദുള്ളക്കുട്ടി കോൺഗ്രസിലേക്ക് വന്നത്. പോകുന്നതും അങ്ങനെ തന്നെ. അവസരവാദിയായ രാഷ്ട്രീയക്കാരനാണ് അബ്ദുള്ളക്കുട്ടി.അബ്ദുള്ളക്കുട്ടിയെ കുറിച്ച് ഒരു കാലത്തും ആർക്കും നല്ല അഭിപ്രായം ഉണ്ടായിരുന്നില്ല.
തിരകൾ വരും പോവും. ആജീവനാന്തം സ്ഥാനങ്ങൾ കൊടുക്കാൻ പറ്റുമോ? സിപിഐഎമ്മിൽ നിന്ന് വന്നത് കൊണ്ടാണ് കോൺഗ്രസിൽ ചേർത്തത്. പക്ഷേ ഗുണമുണ്ടായില്ല” കെ സുധാകരൻ പറഞ്ഞു. സിപിഎമ്മിനെപ്പോലെ പാർട്ടി വിട്ട് പോകുന്നവരുടെ കാലും കയ്യും വെട്ടില്ലെന്നും അബ്ദുള്ളക്കുട്ടി ബിജെപിയിൽ പോയി നന്നായിവരട്ടെയെന്നും സുധാകരൻ പറഞ്ഞു.