തിരുവനന്തപുരം: കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച, നിരന്തരം ചോദ്യമുനയില്‍ നിര്‍ത്തിയ സിസ്റ്റര്‍ അഭയ കേസില്‍ ഇന്ന് വിധി പറഞ്ഞു.കേസില്‍ പ്രതികളായ ഫാ.തോമസ് എം.കോട്ടൂറും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്ന് വിചാരണക്കോടതി വിധിച്ചു.കോട്ടൂര്‍ ഒന്നും സെഫി മൂന്നും പ്രതികളാണ്.കേസിലെ രണ്ടാം പ്രതി ജോസ് പുതൃക്കയെ നേരത്തെ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു.ഇരുവര്‍ക്കുമെതിരെ കൊലക്കുറ്റം നിലനില്‍ക്കുമെന്ന് കോടതി വിലയിരുത്തി.കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിയ്ക്കുമെന്ന് കോടതി അറിയിച്ചു.ആര്‍ഡിഒ കോടതി മുതല്‍ സുപ്രീം കോടതിവരെ നീണ്ടു നിന്ന നിയമപോരാട്ടത്തിനൊടുവിലാണ് സിസ്റ്റര്‍ അഭയ കേസില്‍ വിചാരണ പൂര്‍ത്തിയാക്കി തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സനല്‍കുമാറാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്.കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കണ്ടെത്തി 28 വര്‍ഷവും എട്ട് മാസവും പിന്നിടുമ്പോഴാണ് കേസില്‍ തിരുവനന്തപുരത്തെ വിചാരണ കോടതി വിധി പ്രഖ്യാപിച്ചത്.
കോടതിയില്‍ സമര്‍പ്പിച്ച തൊണ്ടി മുതലുകള്‍ പോലും നശിപ്പിക്കപ്പെട്ട അപൂര്‍വ്വമായ കേസായിരുന്നു അഭയക്കേസ്. 1992 മാര്‍ച്ച് 27നാണ് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പയസ് ടെന്‍ത്ത് കോണ്‍വെന്റ്റിലെ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടക്കം മുതല്‍ അട്ടിമറി ശ്രമങ്ങള്‍ ഉണ്ടായ കേസില്‍, സിസ്റ്റര്‍ അഭയയുടെ കൊലപാതകം ആത്മഹത്യയാക്കി തീര്‍ക്കാന്‍ ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും നടത്തിയ ആസൂത്രിതനീക്കം പിന്നീട് പൊതുമധ്യത്തില്‍ ചര്‍ച്ചയായി. അഭയയുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ആദ്യ അന്വേഷണം നടത്തിയ കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ എഎസ്‌ഐ അഗസ്റ്റിന്‍ തിരുത്തല്‍വരുത്തി. സിബിഐ അന്വേഷണം പ്രഖ്യാപിച്ച ശേഷം കോട്ടയം ആര്‍ഡിഒ കോടതില്‍ നല്‍കിയ അഭയയുടെ ശിരോവസ്ത്രങ്ങളടക്കമുള്ള തൊണ്ടി മുതലുകള്‍ ക്രൈംബ്രാഞ്ച് നശിപ്പിച്ചു. സ്വാധീനങ്ങള്‍ക്കു മുന്നില്‍ പൊലീസ് മുട്ടുക്കുത്തിയപ്പോള്‍ അഭയയുടെ പിതാവ് തോമസ് ഐക്കരകുന്നേലിനും അമ്മ ലീലാമ്മക്കുമൊപ്പം ജനം പിന്തുണമായെത്തി. ജനകീയ സമരം ശക്തമായപ്പോള്‍ കേസ് സര്‍ക്കാര്‍ സി.ബി.ഐയ്ക്ക് വിട്ടു.
പ്രീ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെയാണ് സിസ്റ്റര്‍ അഭയ മരിക്കുന്നത്. ക്രൈം ബ്രാഞ്ച് മാറി സിബിഐ വന്നിട്ടും ആദ്യഘട്ടത്തില്‍ അട്ടിമറി ശ്രമം തുടര്‍ന്നു. സിബിഐ എസ്പിയായിരുന്ന ത്യാഗരാജന്‍ കേസ് അട്ടിമറിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി തോമസിന്റെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായി. ത്യാഗരാജനെ മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അഭയ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയില്‍ നിന്നാണ് കോടതി ഇടപെല്‍ തുടങ്ങുന്നത്. ത്യാഗരാജനെ കൊച്ചിയില്‍ നിന്നും ചെന്നൈയിലേക്ക് സ്ഥലംമാറ്റി. അഭയയുടേത് കൊലപാതമാണെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് മൂന്നു പ്രാവശ്യമാണ് എറണാകുളം സിജെഎം കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്. മൂന്നു റിപ്പോര്‍ട്ടുകളും കോടതി തള്ളി. 28 വര്‍ഷത്തിനിടെ 16 സംഘങ്ങളാണ് കേസ് അന്വേഷിച്ചത്.
അന്വേഷണ സംഘങ്ങളെ മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ കേന്ദ്ര സര്‍ക്കാരിനും സിബിഐ ഡയറക്ടര്‍ക്കും ലഭിച്ചു. ഒടുവില്‍ ഫാ.തോമസ് കോട്ടൂരും ഫാ.ജോസ് പുതൃക്കയിലും, സിസ്റ്റര്‍ സെഫിയെയും സിബിഐ അറസ്റ്റ് ചെയ്തു. പ്രതികളുടെ നാര്‍ക്കോപരിശോധന ഫലമായിരുന്നു അറസ്റ്റിലേക്ക് നയിച്ച പ്രധാനതെളിവ്. ഈ മൂന്നു പ്രതികളെ കൂടാതെ എഎസ്‌ഐ അഗസ്ത്യനെയും പ്രതിയാക്കി. കുറ്റപത്രം നല്‍കുന്നതിന് മുമ്പേ എഎസ്‌ഐ അഗസ്റ്റിന്‍ ആത്മഹത്യ ചെയ്തു. കേസ് അട്ടിമറിച്ച് ക്രൈംബ്രാഞ്ച ഉദ്യോഗസ്ഥരെയും പ്രതിയാക്കണമെന്നാവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കോടതിയെ സമീപിച്ചു.
ഡിവൈഎസ്പി സാമുവലിനെയും, എസ്പി കെടി.മൈക്കളിനെയും പ്രതിയാക്കി. വിചാരണ തുടങ്ങും മുന്‍പേ സാമുവല്‍ മരിച്ചു. വിടുതല്‍ ഹര്‍ജി പരിഗണിച്ച് ഫാ.ജോസ് പുതൃക്കയിലിനെയും കെടി മൈക്കിളിനെയും കോടതി ഒഴിവാക്കി. വീണ്ടും പല കാരണങ്ങള്‍ പറഞ്ഞ് വിചാരണ ഒഴിവാക്കാന്‍ പ്രതികള്‍ ശ്രമം നടത്തി. ഒടുവില്‍ സുപ്രീംകോടതി നിര്‍ദ്ദേശ പ്രാകാരം തിരുവനന്തപുരം കോടതിയില്‍ വിചാരണ ആരംഭിച്ചു. എന്നാല്‍ രഹസ്യമൊഴി നല്‍കിയ സാക്ഷി അടക്കം എട്ട് സാക്ഷികള്‍ കൂറുമാറി.