ന്യൂഡല്‍ഹി: ഹിന്ദു ദൈവങ്ങളെ അവഹേളിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മുന്‍ എം.എല്‍.എയെ ആംആദ്മി പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു. മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ജര്‍ണയില്‍ സിംഗിനെതിരെയാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്.
ആംആദ്മി മതേതര പാര്‍ട്ടിയാണെന്നും ഒരു മതത്തേയും അവഹേളിക്കുന്നത് ശരിയല്ലെന്നും പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. മതത്തെ അവഹേളിക്കുന്ന ആര്‍ക്കും പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. അതേസമയം, പോസ്റ്റ് ഇട്ടത് താനല്ലെന്നാണ് ജര്‍ണയില്‍ സിംഗിന്റെ വിശദീകരണം. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്ത മകന്‍ അബദ്ധത്തില്‍ ഇട്ട പോസ്റ്റാണതെന്നും അദ്ദേഹം പറയുന്നു.
2015 ല്‍ രജൗരി ഗാര്‍ഡന്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയില്‍ എത്തിയ വ്യക്തിയാണ് ജര്‍ണയില്‍ സിംഗ്. പ്രകാശ് സിംഗ് ബാദലിനെതിരായി പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് അദ്ദേഹം സീറ്റ് ഒഴിഞ്ഞത്. തെരഞ്ഞെടുപ്പില്‍ തോറ്റതോടെ അദ്ദേഹം പാര്‍ട്ടിയുമായി അകന്നിരുന്നു.