കൊച്ചി:ബോക്സോഫീസിലും തരംഗമായി ആടുജീവിതം. ചിത്രത്തിന്റെ ആദ്യദിന ആഗോള കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നു. 16.7 കോടി രൂപയാണ് ആടുജീവിതത്തിന്റെ ആദ്യദിന ആഗോള കളക്ഷൻ. ഫാൻസ് ഷോകൾ ഇല്ലാതിരുന്നിട്ടും ചിത്രം കേരളത്തിൽ നിന്നുമാത്രം അഞ്ചുകോടി രൂപയാണ് സ്വന്തമാക്കിയത്.
പൃഥ്വിരാജാണ് ഒരു പോസ്റ്ററിലൂടെ ആടുജീവിതം സിനിമയുടെ ഓപ്പണിങ് ഡേ കളക്ഷനേക്കുറിച്ച് അറിയിച്ചത്. ലോകമെമ്പാടുമുള്ള 1724 സ്ക്രീനുകളിൽനിന്നാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷനും ആടുജീവിതത്തിനാണ്. മികച്ച പ്രതികരണമായിരുന്നു ബുക്കിങ് ആരംഭിച്ചപ്പോൾ മുതൽ ചിത്രത്തിന് ലഭിച്ചത്. ആദ്യ ദിവസത്തെ ആഗോള കളക്ഷൻ പത്തുകോടിക്ക് മുകളിലുണ്ടാവുമെന്ന് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തിയിരുന്നു.
മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കർണാടകയിൽ നിന്നും ആദ്യദിനം ഒരുകോടി രൂപ ഗ്രോസ് കലക്‌ഷൻ നേടുന്ന സിനിമയായും ആടുജീവിതം മാറി. തമിഴ്നാട്ടിലും മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. മലയാളത്തിന്റെ മാസ്റ്റർപീസ് സിനിമകളിലൊന്ന് എന്നാണ് ചിത്രത്തെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്.
ബ്ലെസിയുടെ സംവിധാന മികവും കഥാപാത്രത്തിനായി ശരീരവും മനസും അർപ്പിച്ചുകൊണ്ടുള്ള പൃഥ്വിരാജിന്റെ പ്രകടനവുമാണ് സിനിമയുടെ ഹൈലൈറ്റ്. എ.ആർ. റഹ്മാന്റെ സംഗീതവും സുനിൽ കെ.എസി.ന്റെ ഛായാഗ്രഹണവും റസൂൽ പൂക്കുട്ടിയുടെ ശബ്ദമികവുമെല്ലാം സിനിമയെ പുത്തൻ നേട്ടം കൈവരിക്കുന്നതിന് സഹായിച്ചു എന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2008-ൽ ആരംഭിച്ച ‘ആടുജീവിതം’ വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018-ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14-നാണ് പൂർത്തിയായത്.
ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യപങ്കും ഷൂട്ട് ചെയ്തത്. നേരത്തേ കമൽഹാസൻ, മണിരത്നം, രാജീവ് മേനോൻ, തെലുങ്ക് സംവിധായകനായ അജയ് ഭൂപതി, ഛായാഗ്രാഹകൻ രവി കെ. ചന്ദ്രൻ തുടങ്ങി നിരവധി പേർ ‘ആടുജീവിത’ത്തിന് ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചിരുന്നു.