പത്തനാപുരം: രണ്ടുപേരെ വിവാഹം കഴിക്കാൻ സബ് രജിസ്റ്റ്രാർ ഓഫിസുകളിൽ അപേക്ഷ നൽകിയ യുവതി ഒരു അപേക്ഷ പിൻവലിച്ചു. പത്തനാപുരം സബ് രജിസ്റ്റ്രാർ ഓഫിസിലെ അപേക്ഷയാണ് പിൻവലിച്ചത്. പ്രശ്‌നം രമ്യമായി പരിഹരിച്ചുവെന്നാണ് സൂചന.
യുവതിയോടൊപ്പം അപേക്ഷിച്ച പത്തനാപുരം സ്വദേശിയായ യുവാവും അപേക്ഷ പിൻവലിക്കുകയാണെന്ന് മൊഴി നൽകി. ഇവരുടെ അപേക്ഷ തള്ളുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് പത്തനാപുരം മാര്യേജ് ഓഫിസർ അറിയിച്ചു.
യുവതിയും പുനലൂർ സ്വദേശിയും ചേർന്നു നൽകിയ അപേക്ഷയിൽ തുടർനടപടിയെടുക്കാൻ പെൺകുട്ടിയും യുവാവും ആവശ്യപ്പെട്ടിട്ടുണ്ട്. റജിസ്‌ട്രേഷൻ ഐജിയുടെ നിയമോപദേശം ലഭിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കാൻ കഴിയൂവെന്നാണ് പുനലൂർ മാര്യേജ് ഓഫിസറുടെ നിലപാട്.
ഒരേ സമയം രണ്ടു പേരെ വിവാഹം കഴിക്കുന്നതിന് പെൺകുട്ടി നൽകിയ അപേക്ഷ ഉദ്യോഗസ്ഥരെ കുരുക്കിലാക്കിയിരുന്നു പത്തനാപുരം, പുനലൂർ സ്വദേശികളെ വിവാഹം കഴിക്കുന്നതിനായി പത്തനാപുരം, പുനലൂർ സബ് രജിസ്റ്റ്രാർ ഓഫിസുകളിലാണ് പത്തനാപുരം സ്വദേശിയായ പെൺകുട്ടി അപേക്ഷ നൽകിയത്.
സ്‌പെഷൽ മാര്യേജ് നിയമം അനുസരിച്ച് ആദ്യം പത്തനാപുരം സബ് രജിസ്റ്റ്രാർ ഓഫിസിലാണ് അപേക്ഷ നൽകിയത്. ജൂൺ 30ന് നൽകിയ അപേക്ഷയിൽ പത്തനാപുരത്ത് തന്നെയുള്ള യുവാവുമായി വിവാഹം കഴിക്കണമെന്നാണ് പെൺകുട്ടിയുടെ ആവശ്യം. പിന്നീട് പുനലൂർ സബ് രജിസ്റ്റ്രാർ ഓഫിസിൽ പുനലൂർ ഉറുകുന്ന് സ്വദേശിയായ മറ്റൊരു യുവാവുമായി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഇതേ പെൺകുട്ടി അപേക്ഷ നൽകി.
പെൺകുട്ടിയുടെ വീട് പത്തനാപുരത്തായതിനാൽ ഈ അപേക്ഷയിൽ ആക്ഷേപം സ്വീകരിക്കുന്നതിനായി, പ്രസിദ്ധകരിക്കുന്നതിന്റെ ഭാഗമായി നോട്ടിസ് പത്തനാപുരം സബ് രജിസ്റ്റ്രാർ ഓഫിസിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ ആശയക്കുഴപ്പത്തിലായ ഉദ്യോഗസ്ഥർ, പെൺകുട്ടിയെയും, യുവാക്കളെയും വിളിച്ചു വരുത്തി അന്വേഷണം നടത്തി. അപേക്ഷ നൽകി 30 ദിവസത്തിനു ശേഷമേ വിവാഹ സർട്ടിഫിക്കറ്റ് വിതരണം ചെയ്യൂ എന്നാണ് നിയമം.
അപേക്ഷയിട്ടാൽ തന്നെ 90 ദിവസത്തിനുള്ളിൽ പിൻവലിക്കാനും അനുവാദമുണ്ട്. ഈ സാഹചര്യത്തിലാണ് ഒരെണ്ണം പിൻവലിക്കുന്നത്. ഇതോടെ പ്രതിസന്ധി മാറുകയാണ്. യുവതി ആഗ്രഹിക്കുന്ന വിവാഹം നടക്കാനാണ് സാധ്യത.