കൈപ്പുഴക്കാറ്റിലെത്തിയ യുവതിക്കും യുവാവിനും ഇടിമിന്നലേറ്റു; വഴിയിൽ കിടന്നത് അരമണിക്കൂർ

ഏറ്റുമാനൂര്‍ :കോട്ടയം നീണ്ടൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ടൂറിസ്റ്റ് കേന്ദ്രമായ കൈപ്പുഴക്കാറ്റില്‍ എത്തിയ സുഹൃത്തുക്കളായ യുവാവിനും യുവതിക്കും ഇടിമിന്നലേറ്റു. ഞായറാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. അരമണിക്കൂറോളം ഇരുവരും വഴിയില്‍ക്കിടന്നു. അതുവഴി ഓട്ടോറിക്ഷയിലെത്തിയ കുടമാളൂര്‍ സ്വദേശികളായ നാലുയുവാക്കളാണ് യാദൃച്ഛികമായി ഇവരെ കണ്ടെത്തി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.

പരിക്കേറ്റ ഇരുവര്‍ക്കും ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നല്‍കിവരുകയാണ്. സംഭവമറിഞ്ഞ് വാര്‍ഡംഗം ലൂയി മേടയിലും ഇരുവരുടെയും മാതാപിതാക്കളും ആശുപത്രിയിലെത്തി. ബൈക്കിലായിരുന്നു ഇരുവരും കൈപ്പുഴക്കാറ്റിലെത്തിയത്. ശക്തമായ കാറ്റും മഴയും ഈ സമയത്തുണ്ടായിരുന്നു. സന്ദര്‍ശകരുടെ എണ്ണവും കുറവായിരുന്നു.

പാടശേഖരത്തിലുള്ള പ്രദേശമായതിനാല്‍ വഴിയില്‍ പെട്ടെന്നുതന്നെ വെള്ളംനിറഞ്ഞിരുന്നു. ഓട്ടോറിക്ഷയിലുണ്ടായിരുന്നവര്‍ ഇരുവരെയും കണ്ടില്ലായിരുന്നെങ്കില്‍ പിറ്റേന്ന് രാവിലെ മാത്രമേ ഇവിടെ ആളുകളെത്തുമായിരുന്നുള്ളൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News