വിഴിഞ്ഞത്ത് കപ്പല്‍ കാണാനെത്തിയ യുവാവിനെ കടലില്‍ വീണ് കാണാതായി; അപകടം പാറയില്‍ കയറി നില്‍ക്കുമ്പോള്‍ ശക്തമായ തിരയില്‍പ്പെട്ട് കടലില്‍ വീണ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് കപ്പല്‍ കാണാന്‍ എത്തിയ യുവാവിനെ കടലില്‍ വീണ് കാണാതായി. പുളിങ്കുടി ആഴിമല അജീഷ് ഭവനില്‍ അനില്‍ ബീന ദമ്പതിമാരുടെ മകന്‍ അജീഷ് (26) നെയാണ് കാണാതായത്. ഇന്നലെ സന്ധ്യയോടെ കപ്പല്‍ കാണാനെത്തിയപ്പോള്‍ പുളിങ്കുടി ആവണങ്ങപ്പാറയിലെ കടല്‍ തീരത്തായിരുന്നു സംഭവം.

അജീഷും കൂടെ താമസിക്കുന്ന യുവതിയും രണ്ടു മക്കളും കാഞ്ഞിരംകുളം സ്വദേശിയായ സുഹൃത്തും കുടുംബവും ഉള്‍പ്പെടെ കപ്പല്‍ കാണാനായി ഈ ഭാഗത്ത് എത്തിയതായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. കൂടെയുളളവരെ പാറയില്‍ ഇരുത്തിയ ശേഷം കടലിനോട് ചേര്‍ന്ന മറ്റൊരു പാറയില്‍ കയറി നില്‍ക്കുക ആയിരുന്നു അജീഷ്.

ഈ സമയം ശക്തമായ തിരയില്‍പെട്ട് അജീഷ് കടലില്‍ വീഴുകയായിരുന്നുവെന്നാണ് ഇവര്‍ പൊലീസിനു നല്‍കിയ വിവരം. വിഴിഞ്ഞത്തു നിന്ന് കോസ്റ്റല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ബോട്ടുകളില്‍ രാത്രി വൈകിയും തിരച്ചില്‍ നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News