ന്യൂഡല്‍ഹി:ബാങ്കില്‍ 2000 രൂപയുടെ കള്ളനോട്ടുകള്‍ നിക്ഷേപിച്ചതിന് യുവാവ് അറസ്റ്റില്‍.
ആഗ്രയിലെ ഒരു സ്വര്‍ണവ്യാപാരിയുടെ മകനാണ് ചൊവ്വാഴ്ച എസ്ബിഐ ആഗ്ര ശാഖയില്‍ 2,000 രൂപയുടെ കള്ളനോട്ടുകള്‍ നിക്ഷേപിച്ചത്. 2.85 കോടി രൂപയാണ് യുവാവ് നിക്ഷേപിച്ചത്, ഇതില്‍13 രണ്ടായിരം രൂപ നോട്ടുകള്‍ കള്ളനോട്ടുകളായിരുന്നു. തുടര്‍ന്ന് ബാങ്ക് മാനേജര്‍ അധികൃതരെ വിവരമറിയിക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
രണ്ട് ദിവസം മുമ്പ് ഇതേ യുവാവ് പണം നിക്ഷേപിക്കാന്‍ ബാങ്കില്‍ വന്നിരുന്നുവെന്നും പിന്നീട് ഇതില്‍ മൂന്ന് 2000 രൂപ കള്ളനോട്ടുകള്‍ കണ്ടെത്തിയെന്നും ബാങ്ക് മാനേജര്‍ പ്രദീപ് കുമാര്‍ കര്‍ദാം പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത് . നോട്ടുകള്‍ക്ക് സാധുതയുണ്ടെന്നും 2023 സെപ്റ്റംബര്‍ 30 ന് മുമ്പ് നോട്ടുകള്‍ മാറ്റിയെടുക്കണമെന്നും ആര്‍ബിഐ അറിയിച്ചു . എല്ലാ ബാങ്കുകളോടും സെപ്തംബര്‍ 30 വരെ 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനോ മാറ്റുന്നതിനോ സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് 23 മുതല്‍ 2000 രൂപ നോട്ട് മാറ്റിയെടുക്കല്‍ ആരംഭിച്ചിട്ടുണ്ട്.