പെണ്‍സുഹൃത്തിന്റെ വീടിനു പുറത്ത് മറ്റൊരാളുടെ ബൈക്ക്, പുലർച്ചെ രണ്ടുമണിക്ക് തീയിട്ട് യുവാവ്;

പെരുമ്പാവൂര്‍ (എറണാകുളം): പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തി പോര്‍ച്ചിലിരുന്ന ബൈക്ക് കത്തിച്ച യുവാവ് പിടിയില്‍. കൊല്ലം പള്ളിമുക്ക് മല്ലതോട്ടത്തില്‍ വീട്ടില്‍ അനീഷാണ് (38) പിടിയിലായത്.

ഇരിങ്ങോള്‍ കാവ് റോഡില്‍ യുവതി വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ പോര്‍ച്ചിലിരുന്ന ബൈക്കിനാണ് തീയിട്ടത്. ബൈക്ക് പൂര്‍ണമായി കത്തിനശിച്ചു. വീടിന്റെ ജനല്‍ പാളികളും ഭാഗികമായി കത്തിനശിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു ആക്രമണം. എറണാകുളത്ത് മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റായ യുവതിയും ഫര്‍ണിച്ചര്‍ സ്ഥാപനം നടത്തിയിരുന്ന അനീഷും മുന്‍പ് സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രാത്രി അനീഷ് യുവതിയുടെ വീട്ടിലെത്തിയപ്പോള്‍ മുറ്റത്ത് പരിചയമില്ലാത്ത ബൈക്ക് കാണുകയും വിളിച്ചിട്ട് വാതില്‍ തുറക്കാതിരിക്കുകയും ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നു പറയുന്നു.

യുവതിയുടെ പരാതി പ്രകാരം സ്ഥലത്തെത്തിയ പെരുമ്പാവൂര്‍ പോലീസ് വീടിന്റെ പരിസരത്തു നിന്നുതന്നെ പ്രതിയെ പിടികൂടി. യുവാവ് ടാക്‌സിയിലാണ് വീട്ടിലെത്തിയത്. ആക്രമണം തുടങ്ങിയതോടെ ടാക്‌സി ഡ്രൈവര്‍ കാറുമായി സ്ഥലംവിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News