റോഡ് റോളര്‍ തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

കൊല്ലം: ശരീരത്തിലൂടെ റോഡ് റോളര്‍ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. കൊല്ലം അലയമണ്‍ സ്വദേശി വിനോദ് (37) ആണ് മരിച്ചത്. റോഡ് റോളര്‍ യുവാവിന്റെ തലയിലൂടെയാണ് കയറിയിറങ്ങിയത്. ബൈപ്പാസിനോട് ചേര്‍ന്നുള്ള റോഡ് നിര്‍മ്മാണത്തിനായി എത്തിച്ച റോഡ് റോളറിന് അടിയില്‍പെട്ടാണ് മരണം.

അപകടസമയത്ത് വിനോദ് വാഹനത്തിന് മുന്നില്‍ കിടക്കുകയായിരുന്നു. ഇത് റോഡ് റോളര്‍ ഓടിച്ച ഡ്രൈവര്‍ കണ്ടില്ല. വിനോദ് മദ്യപിച്ചിരുന്നതായും വിവരമുണ്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. ബൈപ്പാസില്‍ തെരുവുവിളക്കുകള്‍ ഇല്ലാത്തതിനാല്‍ വിനോദിനെ കണ്ടില്ലെന്ന്‌ റോഡ് റോളര്‍ ഓടിച്ചയാള്‍ പോലീസിനോട് പറഞ്ഞു.

മൃതദേഹം പോലീസെത്തി അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് മൃതദേഹത്തിന് അരികില്‍നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ വഴിയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തയ്യല്‍ തൊഴിലാളിയായ വിനോദ് അവിവാഹിതനാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News