ഇന്‍സ്റ്റാ വഴി അടുപ്പം,വീട്ടിലെത്തി ജനാലയിലൂടെ അഞ്ചുപവന്‍ സ്വര്‍ണ്ണമാല ഊരിവാങ്ങി;അക്കൗണ്ട് ഡിലീറ്റാക്കി മുങ്ങി,പ്രതി പിടിയില്‍

വളാഞ്ചേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സാമൂഹികമാധ്യമംവഴി പരിചയപ്പെട്ടശേഷം അഞ്ചരപ്പവൻ സ്വർണം തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിലായി. ചമ്രവട്ടം തൂമ്പിൽ മുഹമ്മദ് അജ്മലിനെ(21)യാണ് വളാഞ്ചേരി പോലീസ് അറസ്റ്റുചെയ്തത്. തന്റെ പിതാവ് സ്വർണവ്യാപാരിയാണെന്നും സ്വർണമാല പണിയിപ്പിച്ചുതരാമെന്നും പറഞ്ഞായിരുന്നു കബളിപ്പിക്കൽ.

വിവാഹവാഗ്‌ദാനം നൽകിയശേഷം പുതിയ മാല പണിയാൻ അതിന്റെ ചിത്രവും വീടിന്റെ ലൊക്കേഷനും ആവശ്യപ്പെട്ട് അജ്മൽ സന്ദേശമയച്ചു. പെൺകുട്ടി മാതാവിന്റെ മാല അവരറിയാതെ കൈക്കലാക്കിയശേഷം ലൊക്കേഷനും മാലയുടെ ചിത്രവും അയച്ചുകൊടുത്തു. തുടർന്ന് വീട്ടിലെത്തിയ അജ്മലിന് ജനാലവഴി മാല നൽകി. യുവാവ് പിന്നീട് സാമൂഹികമാധ്യമ അക്കൗണ്ട് ഡിലീറ്റ്‌ചെയ്ത് ഒളിവിൽപ്പോയി.

കബളിപ്പിക്കപ്പെട്ടുവെന്നു മനസ്സിലായ പെൺകുട്ടി രക്ഷിതാക്കളോട് വിവരം പറയുകയും വളാഞ്ചേരി പോലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യം പരിശോധിച്ചാണ് അജ്മലിനെ പിടികൂടിയത്.

മുൻപ് കൽപ്പകഞ്ചേരി സ്വദേശിനിയെ സാമൂഹികമാധ്യമംവഴി പരിചയപ്പെട്ട് അജ്മൽ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഈ കേസിൽ ജയിൽശിക്ഷ കഴിഞ്ഞ് ഇറങ്ങിയതിനുപിന്നാലെയാണ് പുതിയ തട്ടിപ്പ്. കൽപ്പകഞ്ചേരി, തിരൂർ പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരേ സമാനമായ കേസുകളുണ്ട്.

മലപ്പുറം പോലീസ് മേധാവി ആർ. വിശ്വനാഥ്‌, തിരൂർ ഡിവൈഎസ്‌പി എ.ജെ. ജോൺസൺ എന്നിവരുടെ നിർദേശപ്രകാരം വളാഞ്ചേരി സ്റ്റേഷൻ ഓഫീസർ ബഷീർ സി. ചിറക്കലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്‌സിപിഒമാരായ ഷൈലേഷ്, പി. സജുകുമാർ എന്നിവരും ഡാൻസാഫ് സംഘവും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News