നായ കുറുകെച്ചാടി; കാർ മരത്തിലിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട്: നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് യുവാവ് മരിച്ചു. വിളയിൽ എടക്കാട്ട് റോഡ് തിരുവാചോല ഗോപിയുടെ മകൻ അക്ഷയ് (23) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന സുഹൃത്ത് നിഖിൽ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വെള്ളിയാഴ്‌ച പുലർച്ചെ മൂന്നിന് മുണ്ടംപറമ്പ് പള്ളിപ്പടിയിലാണ് അപകടം. ഓണത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി വ്യാഴാഴ്‌ച രാത്രി 10-ന്‌ അക്ഷയ് മുടിവെട്ടാൻ കാറെടുത്ത് വിളയിൽ ആലിൻചുവട് അങ്ങാടിയിലേക്കു പോയി. ഇവിടെ മറ്റു നാലു സുഹൃത്തുക്കൾക്കൊപ്പം കിഴിശ്ശേരിയിലെത്തി ഭക്ഷണം കഴിച്ച് മടങ്ങി. മൂന്നുപേരെ നാട്ടിൽ ഇറക്കിയശേഷം അക്ഷയും നിഖിലും വീണ്ടും കിഴിശ്ശേരിയിൽ പോയി തിരിച്ചുവരുമ്പോഴായിരുന്നു അപകടം.

കാറിനു കുറുകെ നായ ഓടിയപ്പോൾ നിയന്ത്രണം നഷ്‌ടമായി മരത്തിൽ ഇടിക്കുകയായിരുന്നെന്നാണ് വിവരം. അക്ഷയ് ആണ് കാർ ഓടിച്ചിരുന്നത്. നിഖിൽ പിറകിലെ സീറ്റിലായിരുന്നു. മഞ്ചേരിയിൽനിന്ന് അഗ്‌നിരക്ഷാസേന എത്തി കാർ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്തെടുത്തത്. മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അക്ഷയ് മരിച്ചു. നിഖിലിനെ പിന്നീട് കോഴിക്കോട്ടേക്കു മാറ്റുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News